നിർണായക കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി യുഎഇ; അതീവ ജാഗ്രതയിൽ രാജ്യം
അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ നിർണായക കേന്ദ്രങ്ങളിൽ സുരക്ഷാ സേനയുടെ വിന്യാസം വർദ്ധിപ്പിച്ചതായും ദേശീയ-ഫെഡറൽ തലങ്ങളിലെ പ്രവർത്തന കേന്ദ്രങ്ങൾ (ഓപറേഷൻസ് റൂമുകൾ) 24 മണിക്കൂറും സജീവമാക്കിയതായും യുഎഇ അധികൃതർ അറിയിച്ചു. സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
സുരക്ഷ പൂർണ നിയന്ത്രണത്തിൽ
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സാധാരണ ജീവിതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള സമഗ്രമായ സുരക്ഷാ സംവിധാനമാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണെന്നും അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
∙ അതീവ ജാഗ്രതയിൽ രാജ്യം
ഫെബ്രുവരി 28-ന് അബുദാബി ടിവിക്ക് നൽകിയ അഭിമുഖത്തിൽ രാജ്യത്തെ സമഗ്രമായ ദേശീയ സംവിധാനം ഏറ്റവും ഉയർന്ന ജാഗ്രതയിലാണ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും നിരീക്ഷണം തുടരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത കണക്കിലെടുക്കുമ്പോൾ ആശങ്കയ്ക്ക് വകയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെൻട്രൽ ഓപഷൻസ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ അബ്ദുൾ അസീസ് അൽ അഹമ്മദ് പറഞ്ഞു. യുഎഇയുടെ സമഗ്രമായ സുരക്ഷാ സംവിധാനം എല്ലാവരെയും സംരക്ഷിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
∙ ഭയപ്പെടേണ്ടതില്ലെന്ന് എൻസിഇഎംഎ
നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അൽ ദാഹേരിയും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ഏതൊരു ഭീഷണികളെയും നേരിടാൻ യുഎഇയുടെ ഏജൻസികൾക്ക് പ്രത്യേക പരിശീലനവും സംവിധാനങ്ങളുമുണ്ട്. സുരക്ഷാ മുൻകരുതലുകൾക്കൊപ്പം സമൂഹമാധ്യമത്തിലെ വ്യാജ പ്രചരണങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
∙ കർശന നടപടിയുമായി മന്ത്രാലയം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ അയക്കുന്നവരെ നിരീക്ഷിക്കുകയും നിയമനടപടിക്ക് വിധേയമാക്കുകയും ചെയ്യും. ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പിന്തുടരാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


