ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു’: അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ നീതിക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാനപ്രേമികൾക്ക് ലഭിച്ച വലിയ വിജയമാണെന്ന് ട്രംപ് കുറിച്ചു.

അത്യാധുനികമായ ഇന്റലിജൻസ് സംവിധാനങ്ങളും ട്രാക്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇസ്റാഈലുമായി ചേർന്നാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്. ഖാംനഈയുടെ കൂടെയുണ്ടായിരുന്ന മറ്റ് പല ഇറാൻ നേതാക്കളും കൊല്ലപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി.

ഖാംനഈയുടെ ഉപദേശകൻ അലി ശംഖാനി, ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, പരമോന്നത നേതാവിന്റെ മിലിട്ടറി ബ്യൂറോ ചീഫ് മുഹമ്മദ് ശീറാസി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) തലവൻ മുഹമ്മദ് പാക്പൂർ, മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സ്വാലിഹ് അസദി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വെളിപ്പെടുത്തൽ.

ഇറാൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി), പോലീസ്, സൈന്യം എന്നിവർ ആയുധം വെച്ച് കീഴടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സമാധാനപരമായ കീഴടങ്ങലിന് തയ്യാറാകുന്നവർക്ക് പ്രതിരോധ പരിരക്ഷ (Immunity) നൽകുമെന്നും അല്ലാത്തവർക്ക് മരണം ഉറപ്പാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഒറ്റ ദിവസം കൊണ്ട് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കപ്പെട്ടതായും മാരകമായ ബോംബാക്രമണങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share
error: Content is protected !!