ബലമായി യുവതിയുടെ വസ്ത്രം ഊരി പോലീസ്: നഗ്നയായി സെല്ലിൽ കഴിഞ്ഞത് 40 മണിക്കൂർ

പെൻഡിൽടൺ പൊലീസ് സ്റ്റേഷനിൽ എന്താണ് സൈന ഇമാന് സംഭവിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്ക് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. 40 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ തന്നെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചതായിട്ടാണ് സൈന ആരോപിക്കുന്നത്. ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ നിഗമനത്തിൽ സൈന ഇമാൻ ലൈംഗിക അതിക്രമം നേരിട്ടതിനാണ് സാധ്യത.

പൊലീസ് കസ്റ്റഡിയിലെടുത്ത സൈന ഇമാന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ചില ഉത്തരങ്ങൾ ലഭ്യമാണ്. സൈന നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി നടന്ന അന്വേഷണവും അതിൽ നിന്ന് ലഭിച്ച തെളിവുകളുമാണ് സംഭവത്തിലേക്ക് വെളിച്ചം വീശുന്നത്. ഡസൻകണക്കിന് പേജ് രേഖകളും മണിക്കൂറുകളോളം നീളുന്ന സിസിടിവി ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ നിർണായകമായ രണ്ട് സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് പൊലീസ് വാദിക്കുന്നത്. സൈന ഇമാൻ പീഡനത്തിന് ഇരയായി എന്ന് തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പറയുന്നത്.

ആദ്യഘട്ടത്തിൽ സൈനയെ നഗ്നായാക്കിയില്ലെന്നും ദേഹപരിശോധന നടത്തിയില്ലെന്നുമാണ് പൊലീസ് വാദിച്ചിരുന്നത്. സെല്ലിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ സൈനയ്ക്ക് ലഭിച്ചതോടെ പൊലീസിന്റെ വാദങ്ങൾ പൊളിഞ്ഞു. സൈനയെ പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് നിലത്ത് കിടത്തി വസ്ത്രം ഊരിയത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ധരിക്കാൻ വസ്ത്രം പോലുമില്ലാതെയാണ് 40 മണിക്കൂറോളം സൈനയ്ക്ക് സെല്ലിനുള്ളിൽ കഴിയേണ്ടി വന്നതെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തറയിലുണ്ടായിരുന്ന പുതപ്പ് മാത്രമാണ് സൈനയ്ക്ക് ആകെ നൽകിയിരുന്നത്. രണ്ട് ദൃശ്യങ്ങൾ സാങ്കേതികപരമായ കാരണങ്ങളാൽ ലഭ്യമല്ലെന്ന പൊലീസ് ഭാഷ്യത്തോട് സൈന എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്.

താൻ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി സൈന സംശയം പ്രകടിപ്പിച്ചതോടെ യുവതിയെ പൊലീസ് സെല്ലിൽ നിന്ന് മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയിലേക്ക് മാറ്റി. സൈനയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു.

∙ സൈനയുടെ ചോദ്യങ്ങൾ
തന്നെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് നൽകിയത് എന്തിനാണ്?
കസ്റ്റഡിയിൽ എടുത്ത തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന സമയത്തെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ വിസമ്മതിക്കുന്നത് എന്തിനാണ്?
എന്തിനാണ് തന്നെ നഗ്നായാക്കിയില്ലെന്ന് പൊലീസ് അവകാശപ്പെട്ടത്?
ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പ്രഫഷനൽ സ്റ്റാൻഡേർഡ് യൂണിറ്റ് തന്റെ കേസിൽ നിയോഗിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള മുൻ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അജ്ഞരായത് എങ്ങനെ?
എന്തുകൊണ്ടാണ് ഔദ്യോഗിക കസ്റ്റഡി നോട്ടുകൾ സെൽ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടാത്തത്?
എന്തുകൊണ്ടാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചത്?

∙ എന്തിനായിരുന്നു കസ്റ്റഡി
2021 ഫെബ്രുവരിയിൽ, സൈന ഇമാനെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് (ജിഎംപി) കസ്റ്റഡിയിലെടുത്തത്. യുവതി കൊക്കെയ്ൻ കഴിച്ചതിനെ തുടർന്ന് ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് സൈനയുടെ സുഹൃത്ത് വിളിച്ചത് അറിയിച്ചതിനെ തുടർന്ന് വിവരങ്ങൾ അന്വേഷിക്കാനാണ് പൊലീസ് വീട്ടിലെത്തിയത്. പിന്നീട് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലായിരുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥർ സൈനയെ ബലമായി നഗ്നയാക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് പൊലീസിന് കുരുക്കായത്.

∙ഓർമയില്ലാത്ത നിമിഷങ്ങളിൽ എന്ത് സംഭവിച്ചു?
പൊലീസ് കസ്റ്റഡിയിലായിരുന്ന സമയത്തെ ചില കാര്യങ്ങളെക്കുറിച്ച് സൈനയ്ക്ക് ഓർമയില്ല, മാത്രമല്ല സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ പരുക്കേറ്റിരുന്നു. ഇതാണ് തന്നെ ലഹരി നൽകി പീഡിപ്പിച്ചതായി സൈന ആരോപിക്കുന്നതിന് പിന്നിലെ കാരണം. വൈദ്യ പരിശോധനയിൽ പീഡനം നടന്നിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. പക്ഷേ കസ്റ്റഡിയിൽ പീഡനം നടന്നതായി തെളിവില്ലെന്ന വാദമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഉന്നയിക്കുന്നത്.

Share
error: Content is protected !!