13കാരന്‍റെ കഴുത്തില്‍ നൈലോണ്‍ നൂലുകൊണ്ട് മുറുക്കിയത് 8 വട്ടം; മുത്തശിയെ മൃതദേഹത്തിനു മുകളില്‍ കിടത്തി

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 13കാരനെ ക്രൂരമായി കൊല്ലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. നൈലോണ്‍ നൂലുപയോഗിച്ച് എട്ടുതവണ കുട്ടിയുടെ കഴുത്തില്‍ വരിഞ്ഞു മുറുക്കിയ ശേഷം ഇഷ്ടികകൊണ്ട് മുഖം അടിച്ചു തകര്‍ത്തു. പിന്നാലെ മൃതദേഹം രോഗിയായ മുത്തശ്ശി കിടക്കുന്ന ബെഡിനു കീഴെയുള്ള ബെഡ്ബോക്സില്‍ സൂക്ഷിച്ചതായും മുത്തശ്ശിയെ മുകളില്‍ കിടത്തിയതായും പ്രതി മൊഴി നല്‍കി.

ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയ്‌ക്കെതിരെ പ്രതി ലൈംഗികാതിക്രമവും നടത്തി. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു കൊലപാതകം . അതിക്രമം തടയുന്നതിനിടെ കുട്ടി കരയാനും ബഹളംവയ്ക്കാനും ആരംഭിച്ചതോടെ ക്രൂരമര്‍ദനം തുടങ്ങി. ആറുനില കെട്ടിടത്തിന്‍റെ ടെറസിലായിരുന്നു സംഭവം. മൃതദേഹം പിന്നീട് നാലാംനിലയിലെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നു.

വെള്ളിയാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. നേരം ഏറെ വൈകിയിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തിരച്ചില്‍ ആരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശനിയാഴ്ച്ച രാവിലെയാണ് കുട്ടിയുടെ ജാക്കറ്റ് ടെറസില്‍ കണ്ടതായി പൊലീസിനു വിവരം ലഭിക്കുന്നത്. കൂടാതെ ഈ ഭാഗത്ത് രക്തക്കറകളും കണ്ടെത്തി. സംശയം തോന്നിയവരെയെല്ലാം പൊലീസ് ചോദ്യംചെയ്തു. സിസിടിവി ദൃശ്യങ്ങളിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിയായ 21കാരന്‍ റെഹാനും കുട്ടിയെ തിരയാനായി കുടുംബത്തോടൊപ്പം ചേര്‍ന്നിരുന്നു.

റെഹാന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പ്രതിയുടെ കയ്യിലും കഴുത്തിലും നഖംകൊണ്ട പാടുകളും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ റെഹാന്‍ പൊട്ടിക്കരയുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം തന്‍റെ മുത്തശിയുടെ കട്ടിലിനടിയില്‍ ഉണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. ബ്ലാങ്കറ്റില്‍ പൊതി‍ഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
error: Content is protected !!