പ്രവാസികൾക്ക് കൈനിറയെ കാശ്, നാട്ടിലേക്ക് പണമയയ്ക്കാൻ ‘നെട്ടോട്ടം’

അബുദാബി: ദിർഹം-രൂപ വിനിമയ നിരക്കിൽ 25 രൂപ ലഭിച്ച ആഹ്ലാദത്തിൽ പ്രവാസി ഇന്ത്യക്കാർ. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് ഗൾഫ് കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് കൂടുതൽ പണം ലഭിച്ചത്.

മൊബൈൽ ആപ്പുകളിലൂടെയുള്ള പണമിടപാടിലാണ് ഒരു ദിർഹത്തിന് 25 രൂപ നൽകിയത്. എന്നാൽ വിവിധ എക്സ്ചേഞ്ചുകൾ പരമാവധി 24.92 രൂപയാണ് നൽകിയത്.

സർക്കാർ സ്ഥാപനങ്ങളും പ്രമുഖ കമ്പനികളും ഇതിനകം ശമ്പളം നൽകിയതിനാൽ വിനിമയ നിരക്കിലെ വ്യത്യാസം ഒട്ടേറെ പേർക്ക് നേട്ടമായി. ശേഷിച്ചവർക്ക് 2 ദിവസത്തിനകം ശമ്പളം ലഭിക്കുമെന്നതിനാൽ അനുകൂല അവസരം ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. സാലറി അഡ്വാൻസ് വാങ്ങിയും സുഹൃത്തുക്കളിൽനിന്ന് വായ്പ വാങ്ങിയും നാട്ടിലേക്ക് പണം അയച്ചവരുണ്ട്.

നാട്ടിലേക്കു പണമയയ്ക്കാൻ ഇത് അനുയോജ്യമായ സമയമാണെന്നും എന്നാൽ കൊള്ളപ്പലിശയ്ക്ക് വായ്പ എടുത്തോ ക്രെഡിറ്റ് കാർഡിൽനിന്ന് പിൻവലിച്ചോ പണം അയയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നും സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചു.

ആഗോള വിപണിയിൽ ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ് ഓയിൽ വില വർധനയും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം. ഇന്നത്തെ യുഎസ് ഫെഡ് മീറ്റിങ് തീരുമാനത്തിന്റെയും വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലിനെയും ആശ്രയിച്ചായിരിക്കും രൂപയുടെ ഭാവി.

Share
error: Content is protected !!