സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് അറിഞ്ഞത് വിമാനത്തിലിരുന്ന്; മറുപടി പറയുന്നില്ലെന്ന് ശശി തരൂർ
ദുബൈ: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അഭ്യൂഹങ്ങൾ തള്ളി.
സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് തരൂർ ദുബായിലെത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യുഎഇയിലെ വ്യവസായികൾ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അറിയിച്ചു. കോൺഗ്രസുമായി തരൂർ ഇടഞ്ഞുനിൽക്കുന്നെന്ന കണക്കുകൂട്ടലിൽ അദ്ദേഹത്തെ ഒപ്പംനിർത്താനുള്ള സാധ്യത സിപിഎം ആരായുന്നുണ്ടെന്നായിരുന്നു വാർത്തകൾ. നേരിട്ടു ബന്ധപ്പെടാതെ, സിപിഎമ്മുമായി ചേർന്നുനിൽക്കുന്നവരിലൂടെ തരൂരിന്റെ മനസ്സറിയാനാണത്രേ ശ്രമം.
28നു പാർലമെന്റ് സമ്മേളനം ആരംഭിച്ച ശേഷം രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണു തരൂർ. അടുത്തിടെ കൊച്ചിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി തന്നെ അവഗണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. അതേസമയം, കോൺഗ്രസ് നയം ഉപേക്ഷിച്ചാൽ തരൂരിനെ എൽഡിഎഫിലേക്കു സ്വാഗതം ചെയ്യുമെന്നു കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും മുന്നണിയുടെ നയം സ്വീകരിക്കുന്നവർക്ക് എപ്പോഴും കടന്നുവരാമെന്നും അദ്ദേഹം പറഞ്ഞു


