പിടിച്ചെടുത്ത ലോറികൾ വിട്ട് നൽകാൻ 3.5 ലക്ഷം കൈക്കൂലി; ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ജിഎസ്ടി എൻഫോഴ്സ്മെന്റ് പിടികൂടിയ ലോറികൾ വിട്ട് നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫിസർ പാലക്കാട് കുരുടിക്കാട് സ്വദേശി പി എൻ സുമനെയാണ് 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി പാലക്കാട് വിജിലൻസ് പിടികൂടിയത്.

ലോറി ഉടമയുടെ പരാതിയിലാണ് വിജിലൻസ് നടപടി. ജനുവരി ആറിനാണ് സ്ക്രാപ് കയറ്റി പൊള്ളാച്ചിയിലേക്ക് പോയ രണ്ടു ലോറികൾ സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പിടികൂടിയത്. തുടർന്ന് ലോറി ഡ്രൈവർക്ക് ഫോൺ നമ്പർ നൽകി ഉടമയോട് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം പിറ്റേന്ന് ജിഎസ്‍ടി ഓഫീസ് ഗ്രൗണ്ടിലെത്തിയ പരാതിക്കാരന്‍ ആവശ്യപ്പെട്ട രേഖകൾ മുഴുവൻ നൽകിയെങ്കിലും രേഖകൾ പഠിക്കട്ടെ എന്ന് പറഞ്ഞ് പരാതിക്കാരനെ തിരികെ അയച്ചു.

വീണ്ടും പരാതിക്കാരൻ ഓഫീസിലെത്തിയപ്പോൾ കണ്ടപ്പോൾ 23 ലക്ഷം രൂപ ഫൈൻ അടക്കണമെന്ന് ആവശ്യപ്പെട്ടു. രേഖകൾ എല്ലാം ശരിയാണെന്നും ഫൈൻ കുറച്ച് തരണമെന്നും പറഞ്ഞപ്പോൾ നാല് ലക്ഷം രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ജനുവരി 21ന് എട്ട് ലക്ഷം രൂപ ഫൈൻ അടപ്പിച്ച ശേഷം ലോറികൾ വിട്ട് നൽകുന്നതിന് കൈക്കൂലിയായി 3.5 ലക്ഷം രൂപ വേണമെന്നും അത് എത്തിക്കേണ്ട സമയം ഫോണിൽ വിളിച്ച് അറിയിക്കാമെന്നും പറഞ്ഞ് രണ്ടു ലോറികളും വിട്ട് നൽകി. ശനിയാഴ്ച ഫോണിൽ വിളിച്ച് ഞായറാഴ്ച രാവിലെ 11ന് മൂന്നര ലക്ഷം രൂപ നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘമാണ് ഉച്ചയോടെ പരാതിക്കാരനിൽ നിന്നും മൂന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങവേ പുതുശേരി കുരുടിക്കാട് വച്ച് സുമനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Share
error: Content is protected !!