പതിനാറുകാരന് ക്രൂരമര്‍ദനം; കാലുപിടിച്ചിട്ടും അടി നിർത്തിയില്ല

കൽപ്പറ്റ: മോശം വാക്കുവിളിച്ചെന്നാരോപിച്ച് വിദ്യാർഥിക്ക് കൂട്ടുകാരുടെ ക്രുരമർദനം. കൽപ്പറ്റ മെസ് ഹൗസ് റോഡിലെ 16 വയസ്സുകാരനാണ് മർദനമേറ്റത്. 17 വയസുകാരായ രണ്ടു പേർ ചേർന്നാണ് മർദിച്ചത്. മർദനം നടക്കുമ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരുകുട്ടി അടിച്ചത് മതിയെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും മറ്റു രണ്ടുപേരും കേട്ടില്ല. ശരീരത്തിന്റെ പലഭാഗത്തും അടിക്കുകയും ചിവിട്ടുകയും ചെയ്തു.

മർദനത്തിനുശേഷം 16 വയസ്സുകാരനെ കൊണ്ടു കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട കൽപ്പറ്റ പൊലീസ് മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി.

എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. പൊലീസ് വിളിച്ചപ്പോഴാണ് രക്ഷിതാക്കളും കാര്യം അറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. മർദിച്ച ഒരു കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വൈൽഫെയർ കമ്മറ്റി (സിഡബ്ല്യുസി)യിൽ ഹാജരാക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Share
error: Content is protected !!