പൂനെ-എറണാകുളം എക്സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു
കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ രണ്ട് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ആൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൂനെ-എറണാകുളം എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പൂനെ-എറണാകുളം എക്സ്പ്രസിൽ കഴിഞ്ഞ ജനുവരി 17-ാം തീയതിയാണ് സംഭവം നടന്നത്.
ആലുവയ്ക്കും എറണാകുളത്തിനും ഇടയിൽ വെച്ചാണ് ട്രെയിനിൽ തനിച്ച് ഇരിക്കുന്ന കുട്ടിയെ സഹയാത്രികർ ശ്രദ്ധിക്കുന്നത്. സംശയം തോന്നിയതോടെ കുട്ടിയോട് യാത്രക്കാർ വിവരങ്ങൾ ചോദിച്ചെങ്കിലും കുട്ടിക്ക് മറുപടി നൽകാനായില്ല. തുടർന്ന് രക്ഷിതാക്കളാരെയും പരിസരത്ത് കാണാത്തതിനെ തുടർന്ന് യാത്രക്കാർ റെയിൽവേ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെ അന്വേഷിച്ച് ആരും എത്താത്ത സാഹചര്യത്തിലാണ് റെയിൽവേ പൊലിസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. മാതാപിതാക്കൾ ബോധപൂർവ്വം കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കുട്ടിയെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ റെയിൽവേ പൊലിസുമായോ ചൈൽഡ് ലൈൻ അധികൃതരുമായോ ബന്ധപ്പെടുക. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുട്ടിയെ ട്രെയിനിൽ എത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.


