പൈലറ്റായും ഫ്ലൈറ്റ് അറ്റൻഡന്റായും ആൾമാറാട്ടം: നൂറുകണക്കിന് സൗജന്യ വിമാനയാത്രകൾ നടത്തിയ യുവാവ് പിടിയിൽ

വാഷിങ്ടൻ: 2024 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പൈലറ്റായും ഫ്ലൈറ്റ് അറ്റൻഡന്റായും ആൾമാറാട്ടം നടത്തി നൂറുകണക്കിന് വിമാനങ്ങളിൽ സൗജന്യമായി യാത്ര ചെയ്ത കനേഡിയൻ പൗരൻ പിടിയിൽ. മുൻപ് ഒരു കനേഡിയൻ എയർലൈനിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്ന 33 വയസ്സുകാരനായ ഡള്ളസ് പൊകോർണിക് ആണ് പനാമയിൽ അറസ്റ്റിലായത്. 

നാലു വർഷത്തോളം താനൊരു പൈലറ്റാണെന്ന് വ്യാജമായി അവകാശപ്പെടുകയും, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത വിമാനക്കമ്പനികളിലായി നൂറുകണക്കിന് സൗജന്യ യാത്രകൾ ഇയാൾ നടത്തിയതായും യുഎസ് അറ്റോർണി ഓഫിസ് അറിയിച്ചു.

പൈലറ്റ് ലൈസൻസ് ഇല്ലെന്നത് മറച്ചുവച്ച്, വിമാനത്തിലെ ജംപ് സീറ്റിൽ (വിമാനജീവനക്കാർക്കായി കോക്പിറ്റിൽ നീക്കിവച്ചിട്ടുള്ള പ്രത്യേക സീറ്റ്) ഇയാൾ ആവശ്യപ്പെട്ടിരുന്നതായും ആണ് റിപ്പോർട്ട്. പൈലറ്റുമാർക്കും വിമാന സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമാണ് സാധാരണയായി ഈ സീറ്റ് അനുവദിക്കാറുള്ളത്.

എയർ കാനഡയുടെ വ്യാജ എംപ്ലോയി ബാഡ്ജ് ഉപയോഗിച്ചാണ് പൊകോർണിക് തട്ടിപ്പ് നടത്തിയത്. 2017 മുതൽ 2019 വരെ ഇയാൾ ഇതേ എയർലൈനിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നുവെങ്കിലും ഒരിക്കലും പൈലറ്റായിരുന്നില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവും 2.5 ലക്ഷം ഡോളർ പിഴയും ഇയാൾക്ക് ശിക്ഷ ലഭിക്കാം.

സമാനമായ മറ്റൊരു കേസിൽ, കഴിഞ്ഞ ജൂണിൽ ഫ്ലോറിഡയിൽ ഒരാൾ പിടിയിലായിരുന്നു. 35കാരനായ ടൈറോൺ അലക്സാണ്ടർ എന്നയാൾ ഫ്ലൈറ്റ് അറ്റൻഡന്റായും പൈലറ്റായും നടിച്ച് 34 സൗജന്യ വിമാനയാത്രകൾ നടത്തിയതിനാണ് ശിക്ഷിക്കപ്പെട്ടത്. 2018 മുതൽ 2024 വരെയായിരുന്നു ഇയാളുടെ തട്ടിപ്പ്.

Share
error: Content is protected !!