ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; അറസ്റ്റ്
ബെംഗളൂരു: രാജരാജേശ്വരി നഗറിലെ വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്.
ജനുവരി 10നാണ് ആശ എന്ന യുവതിയെ ആർ.ആർ നഗറിലെ മുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുൻപാണ് ആശയും കുനിഗൽ താലൂക്ക് സ്വദേശിയായ വിരൂപാക്ഷയും പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു താമസം.
വിവാഹത്തിന്റെ തുടക്കം മുതൽ വിരൂപാക്ഷ ആശയെ പരിഗണിച്ചിരുന്നില്ലെന്നാണ് അവരുടെ സഹോദരൻ പറയുന്നത്. ജോലിക്ക് പോകാതെ ആശയുടെ വരുമാനത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലുമാണ്.


