സ്വർണവില ഇന്നു കൂടിയത് 3 തവണ; പവന് വമ്പൻ മുന്നേറ്റം
കേരളത്തിലെ സ്വര്‍ണവിലയിൽ അത്യപൂർവ വർധന. ഇന്ന് മൂന്ന് തവണയായി ഒരു പവന് വർധിച്ചത് 3,160 രൂപ. അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു വർധന ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. 1,10,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ പുതിയ വില.
ഗ്രാമിന് 200 രൂപ വർധിച്ച് 13,800 രൂപയിലെത്തി. രാജ്യാന്തര വിലയിൽ സ്വർണവില ഔൺസിന് 4,731 ഡോളറിൽ എത്തിയതോടെയാണ് കേരളത്തിലും പിടിവിട്ട് കുതിച്ചത്.
രാജ്യസുരക്ഷയ്ക്ക് അപകടമാണെന്ന് അവകാശപ്പെട്ട് ഗ്രീൻലൻഡ് ഏറ്റെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളാണ് ഇപ്പോഴത്തെ വില വർധനക്ക് ഇടയാക്കിയത്. ഗ്രീൻലൻഡ് ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന യൂറോപ്യൻ രാജ്യങ്ങള്‍ക്ക് മേൽ 10 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി.
എന്നാൽ ഇതിന് മുന്നിൽ കീഴടങ്ങാൻ വിസമ്മതിച്ച യൂറോപ്യൻ യൂണിയൻ തിരിച്ചടിക്കുള്ള ഒരുക്കത്തിലാണ്. ഇതോടെ രാജ്യന്തര തലത്തിൽ വ്യാപാര യുദ്ധം കൊടുമ്പിരി കൊള്ളുമെന്ന ആശങ്ക ശക്തമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുതിച്ചുയർന്നു.
ഇതിനൊപ്പം യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത് തുടങ്ങിയ കാരണങ്ങളും വിലക്കയറ്റത്തിന് കാരണമായി.
രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് (31.10 ഗ്രാം) തൂക്കമുള്ള സ്വർണത്തിന് 4,728 ഡോളറാണ് വില. ഒരുവേള വില 4,735 ഡോളറിലേക്ക് കുതിച്ചിരുന്നു. രാജ്യന്തര വിലയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് 2.5 രൂപ വർധിക്കുമെന്നാണ് കണക്ക്. കൂടാതെ ഡോളറിന്റെ വിനിമയ നിരക്ക്, നികുതി തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്.
….


