ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗവും ഐഎസ് തടവുകാരും ‘രക്ഷപ്പെടാൻ’ സാധ്യത

ലണ്ടൻ: ഇസ്​ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യ ഷമീമ ബീഗത്തെയും മറ്റ് ഐഎസ് തടവുകാരെയും സിറിയയിലെ അഭയാർഥി ക്യാംപുകളിൽ തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. നിലവിൽ ഷമീമ ബീഗം വടക്കുകിഴക്കൻ സിറിയയിലെ വൃത്തിഹീനവും അക്രമാസക്തവുമായ ക്യാംപായ അൽ-റോജിലാണ് തടവിൽ കഴിയുന്നത്. 26 വയസ്സുകാരിയായ ഷമീമ ബീഗത്തിന്റെ ബ്രിട്ടിഷ് പൗരത്വം 2019ൽ റദ്ദാക്കിയിരുന്നു.

കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ആണ് ഈ അഭയാർഥി ക്യാംപ് നിയന്ത്രിക്കുന്നത്. 9,000ത്തിലധികം ഐഎസ് തടവുകാരാണ് ഇവിടെയുള്ളത്. മാത്രമല്ല, 40,000 സ്ത്രീകളും കുട്ടികളും താമസിക്കുന്ന മറ്റ് ക്യാംപുകളും എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുണ്ട്.

സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സേനയുമായുള്ള പോരാട്ടത്തിൽ എസ്ഡിഎഫിന് ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം നഷ്ടമായി. എന്നാൽ ഇരു ഗ്രൂപ്പുകളും വെടിനിർത്തലിൽ ഒപ്പുവച്ചതിന് പിന്നാലെ എസ്ഡിഎഫ് നിയന്ത്രിത മൂന്ന് തടങ്കൽ കേന്ദ്രങ്ങൾക്ക് ചുറ്റും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. റാഖയ്ക്കടുത്തുള്ള അൽ-അഖ്താൻ ജയിൽ, ദേർ അൽ-സൂറിലെ ജയിൽ, അൽ-ഷദാദി പട്ടണത്തിലെ ജയിൽ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

ഐഎസ് തടവുകാരെ ‘സുരക്ഷിത സ്ഥലങ്ങളിലേക്ക്’ മാറ്റാൻ ശ്രമിക്കുകയാണെന്ന് എസ്ഡിഎഫ് പറഞ്ഞു. പക്ഷേ, നിലവിൽ അത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഒട്ടേറെ തടവുകാർ ദേർ അൽ-സൂറിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നത് ആശങ്ക പരത്തുന്നുണ്ട്. ഐസിസ് തടവുകാരെ മോചിപ്പിക്കുന്നത് വലിയ ഭീഷണി ഉയർത്തുമെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് മിഡിൽ ഈസ്റ്റ് സെന്ററിലെ കമരൻ പളനി പറഞ്ഞു.

ജയിലിലെത്താനും നിയന്ത്രണം പിടിച്ചെടുക്കാനുമാണ് ഇരു വിഭാഗവും ശ്രമിക്കുന്നത്. ഇത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനും തടവുകാർ രക്ഷപ്പെടാൻ സാധ്യത സൃഷ്ടിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

ഇസ്​ലാമിക് സ്റ്റേറ്റിൽ ചേരാൻ ബെത്നാൽ ഗ്രീനിൽ നിന്ന് സിറിയയിലേക്ക് യാത്ര ചെയ്യുമ്പോൾ ലണ്ടൻ സ്വദേശിയായ ഷമീമ ബീഗത്തിന് 15 വയസ്സായിരുന്നു പ്രായം. പിന്നീട് ഐഎസ് ഭീകരനെ വിവാഹം കഴിച്ച അവർക്ക് കുട്ടികൾ ജനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2019ലാണ് ഷമീമ ബീഗത്തെ സിറിയൻ അഭയാർഥി ക്യാംപിൽ കണ്ടെത്തിയത്. തുടർന്ന് ദേശീയ സുരക്ഷാ കാരണങ്ങളാൽ അന്നത്തെ യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഷമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കുകയായിരുന്നു.

Share
error: Content is protected !!