നെടുമ്പാശ്ശേരിയില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 46 ഉംറ തീര്‍ത്ഥാടകരുടെ യാത്ര മുടങ്ങി. ആകാശ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന തീര്‍ത്ഥാടകരാണ് ദുരിതത്തിലായത്. കൈവശം കണ്‍ഫേംഡ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നിട്ടും അവസാന നിമിഷം വിമാനക്കമ്പനി യാത്ര അനുവദിക്കാതിരുന്നതാണ് പ്രശ്നമായത്.

മലപ്പുറത്തെ ട്രാവല്‍ ഏജന്‍സി വഴിയാണ് തീര്‍ത്ഥാടകര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഡിസംബര്‍ 26ന് തന്നെ സംഘത്തിലെ എല്ലാവര്‍ക്കും കണ്‍ഫേംഡ് സ്റ്റാറ്റസിലുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തങ്ങളുടെ സിസ്റ്റത്തില്‍ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ആകാശ എയര്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പകരം യാത്രാ സൗകര്യം എപ്പോള്‍ ഒരുക്കുമെന്ന് വിമാനക്കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് തീര്‍ത്ഥാടകര്‍ക്ക് ബദല്‍ യാത്രാ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.
സംഭവത്തില്‍ പോലീസും വിമാനത്താവള അധികൃതരും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Share
error: Content is protected !!