‘കേരള കോൺഗ്രസ് എവിടെയോ, അവിടെ ഭരണമുണ്ട്; ഞങ്ങളെയോർത്ത് ആരും കരയേണ്ട, ഇടതിൽ തുടരും’

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ തങ്ങളെ എന്തിനാണു കുറ്റം പറയുന്നത്. കേരള കോൺഗ്രസിനുള്ള ബലത്തിന്റെ തെളിവാണിതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

ഇപ്പോൾ എന്തിനാണ് മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചയെന്ന് ജോസ് കെ. മാണി ചോദിച്ചു. കേരള കോൺഗ്രസിനു ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്. എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ തനിക്കാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 110 സീറ്റുകളിൽ യുഡിഎഫിനു പിന്തുണയുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അത് 80 ആയി കുറഞ്ഞു. ഈ ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിക്കുള്ളിൽ ഒരു ഭിന്നതയും ഇല്ലെന്നും അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചർച്ചകളിൽ പല അഭിപ്രായങ്ങൾ വരും, പിന്നീട് അവ ചർച്ച ചെയ്തു ഒറ്റ തീരുമാനമായി മാറുമെന്നും പാർട്ടിക്കുള്ളിലെ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Share
error: Content is protected !!