രണ്ട് വർഷമായി ശബളമില്ല; ഒടുവിൽ കയ്യിലെത്തുക 52 ലക്ഷം, ജീവനക്കാരന് ആശ്വാസ വിധിയുമായി കോടതി

അബുദാബി: ഏകദേശം രണ്ട് വർഷത്തോളം ശമ്പളം നൽകാതെ ജീവനക്കാരനെ ബുദ്ധിമുട്ടിച്ച കമ്പനിക്ക് കനത്ത തിരിച്ചടി. കുടിശ്ശികയിനത്തിൽ 2,28,666 ദിർഹം (52 ലക്ഷത്തിലേറെ രൂപ) മുൻ ജീവനക്കാരന് നൽകാൻ അബുദാബി ലേബർ കോടതി ഉത്തരവിട്ടു. 23 മാസത്തെ ശമ്പളം നൽകിയെന്ന് തെളിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതോടെയാണ് കോടതിയുടെ നിർണായക വിധി. 

ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ജീവനക്കാരൻ ആദ്യം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ തർക്കപരിഹാര സമിതിയെയാണ് സമീപിച്ചത്. അവിടെ നടന്ന അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ കേസ് അബുദാബി കോടതിയിലെത്തി. 2021ലെ യുഎഇ തൊഴിൽ നിയമപ്രകാരം (ആർട്ടിക്കിൾ 22) ശമ്പളം കൃത്യസമയത്ത് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു. തൊഴിൽ കരാറിൽ പറയുന്ന തുക കൃത്യമായി നൽകാതിരിക്കുന്നതോ വൈകിപ്പിക്കുന്നതോ നിയമലംഘനമാണെന്നും കോടതി വ്യക്തമാക്കി. 

മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴിയോ മറ്റ് അംഗീകൃത രീതികൾ വഴിയോ ശമ്പളം നൽകിയതിന്റെ രേഖകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ശമ്പളം കൈമാറിയെന്ന് തെളിയിക്കുന്ന രേഖകളില്ലാത്ത പക്ഷം അത് നൽകിയിട്ടില്ലെന്ന് തന്നെ കരുതേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരന് അർഹതപ്പെട്ട മുഴുവൻ തുകയും നൽകാൻ ഉത്തരവായത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സന്ദേശമാണ് ഈ വിധിയിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നത്.

Share
error: Content is protected !!