മത്സരിക്കാതെ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ, നിർദേശം തള്ളി കോൺഗ്രസ്; കോട്ടയത്ത് ‘സർപ്രൈസ്’ സ്ഥാനാർഥികൾ
കോട്ടയം: വൈക്കത്ത് കോൺഗ്രസിനു സർപ്രൈസ് സ്ഥാനാർഥി വരുമോ? താരസ്ഥാനാർഥികൾ കോട്ടയത്തേക്ക് എത്തുമോ? നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവം. തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരുക്കം അതേപോലെ തുടരാനാണ് രാഷ്ട്രീയ കക്ഷികൾ താഴേത്തട്ടിൽ നിർദേശം നൽകിയത്. പാർട്ടികൾ സ്ഥാനാർഥി നിർണയത്തിലേക്കു കടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ചർച്ചകൾ സജീവമാണ്.
ജില്ലയിലെ ഇപ്പോഴുള്ള എംഎൽഎമാരിൽ സിപിഐയിലെ സി.കെ.ആശ (വൈക്കം) ഒഴികെ എല്ലാവരും മത്സരിക്കാനാണ് സാധ്യത. സിപിഐ രണ്ട് ടേമാണ് ഒരു എംഎൽഎയ്ക്ക് നൽകുന്നത്. ആശ രണ്ടു തവണ പിന്നിട്ടു. ഇനി മത്സരിക്കണമെങ്കിൽ പാർട്ടി പ്രത്യേക അനുമതി നൽകണം. കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടിൽ ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത്.
ഇളവു ലഭിച്ചാൽ ആശയ്ക്കു സാധ്യത തെളിയും. ഇല്ലെങ്കിൽ പുതിയ സ്ഥാനാർഥിയെ സിപിഐ രംഗത്തിറക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലും വീണ്ടും മത്സരിക്കണമെന്ന നിലപാടാണ് കോൺഗ്രസിന്. ഇവിടെ മറ്റു സ്ഥാനാർഥികളെ പരിഗണിക്കുന്നില്ല.
സിപിഎമ്മിൽനിന്ന് മന്ത്രി വി.എൻ.വാസവൻ തന്നെയാകും ഏറ്റുമാനൂരിൽ സ്ഥാനാർഥി. വാസവൻ തുടർച്ചയായി ഒരേ മണ്ഡലത്തിൽനിന്ന് രണ്ടു തവണ എംഎൽഎ ആയിട്ടില്ലാത്തതിനാൽ സിപിഎമ്മിലെ ടേം നിബന്ധന ബാധകമാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് വാസവൻ. കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് തന്നെ മത്സരിക്കും. കേരള കോൺഗ്രസി(എം) ന്റെ സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ മത്സരിക്കാനാണു പാർട്ടി ധാരണ.
കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും ചങ്ങനാശേരിയിൽ ജോബ് മൈക്കിളും തന്നെ സ്ഥാനാർഥികളായേക്കും. പാലാ സീറ്റ് മാണി സി.കാപ്പനു തന്നെ നൽകാനാണ് യുഡിഎഫ് ധാരണ. മാണി സി. കാപ്പൻ തിരഞ്ഞെടുപ്പു കൺവൻഷനുകൾ സംഘടിപ്പിച്ചുതുടങ്ങി. നേതാക്കൾ പരസ്യമായി തള്ളുന്നുണ്ടെങ്കിലും കേരള കോൺഗ്രസ് (എം) യുഡിഎഫിൽ എത്തിയേക്കാമെന്ന പ്രചാരണം അന്തരീക്ഷത്തിലുണ്ട്. ഇതു ശരിയായാൽ ജില്ലയിൽ ഇരുപക്ഷത്തെയും സീറ്റ് ധാരണകൾ മാറിമറിയും.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണ തുടരുമെന്ന പ്രതീക്ഷയിലാണു പാർട്ടികൾ. യുഡിഎഫിൽ കോൺഗ്രസ്– 5, കേരള കോൺഗ്രസ് –3, മാണി സി.കാപ്പൻ വിഭാഗം– 1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണ സീറ്റ് വിഭജനം. എൽഡിഎഫിൽ സിപിഎം –3, സിപിഐ –1, കേരള കോൺഗ്രസ് (എം)– 5 എന്നിങ്ങനെയും. കോട്ടയം, പുതുപ്പള്ളി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളിൽ കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ കേരള കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. പാലായിൽ മാണി സി.കാപ്പൻ മത്സരിച്ചു.


