കാൽനൂറ്റാണ്ടുകാലം പ്രവാസഭൂമിയിൽ വളയം പിടിച്ച് മലയാളി; മനംനിറച്ച് സമ്മാനം
അബുദാബി: കാൽനൂറ്റാണ്ടുകാലം പ്രവാസഭൂമിയിൽ സ്റ്റിയറിങ് പിടിച്ചു തഴമ്പിച്ച കൈകളിലേക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ 25 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയായ ബഷീർ കൈപ്പൂരത്തിന് ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 100,000 ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ രൂപ) സമ്മാനമായി ലഭിച്ചു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുള്ളയാളാണ് 57 കാരനായ ഈ കണ്ണൂർ സ്വദേശി. ഇദ്ദേഹം എടുത്ത 276640 എന്ന ടിക്കറ്റാണ് ഇത്തവണത്തെ ഇ-ഡ്രോയിൽ ലക്ഷപ്രഭുവാക്കിയത്.
സമ്മാനവിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അവതാരകൻ റിചഡ് വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാൻ ബഷീറിനായില്ല. ‘ഒരു ലക്ഷം ദിർഹമോ? എനിക്കോ?’ എന്നായിരുന്നു അവിശ്വസനീയതയോടെ ബഷീറിന്റെ ആദ്യ മറുചോദ്യം. സത്യമാണെന്ന് ഉറപ്പായതോടെ സന്തോഷം അടക്കാനായില്ല. കഴിഞ്ഞ 25 വർഷമായി ദുബായിലെ നിരത്തുകളിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബഷീർ തന്റെ കഠിനാധ്വാനത്തിനും ക്ഷമയ്ക്കും കിട്ടിയ വലിയൊരു അംഗീകാരമായാണ് ഈ ഭാഗ്യത്തെ കാണുന്നത്. സമ്മാനത്തുകയുടെ ഒരു ഭാഗം നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ബഷീർ പറഞ്ഞു.


