2025-ൽ റെക്കോഡിട്ട് വിജിലൻസിന്റെ ട്രാപ്പ് കേസുകൾ; 76 പേർ കൈക്കൂലി വാങ്ങിയതിന് പിടിയിൽ
തിരുവനന്തപുരം: കേരളത്തിൽ കൈക്കൂലിക്കാർക്കെതിരെ വലവിരിച്ച് വിജിലൻസ് നടത്തിയ ‘ട്രാപ്പ്’ കേസുകളിൽ 2025-ൽ റെക്കോർഡ് വർധനവ്. 2025-ൽ സംസ്ഥാനത്തൊട്ടാകെ 57 ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതായി വിജിലൻസ് അറിയിച്ചു. ഉദ്യോഗസ്ഥരും ഇടനിലക്കാരുമുൾപ്പെടെ 76 പേരാണ് പിടിയിലായത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേർ ഒരു വർഷം ട്രാപ്പ് കേസുകളിൽ കുടുങ്ങുന്നത്. റവന്യൂ വകുപ്പിലാണ് അഴിമതി കൂടുതൽ. വിവിധ സർക്കാർ വകുപ്പുകൾ പരിശോധിച്ചതിൽ ഏറ്റവും കൂടുതൽ കൈക്കൂലിക്കാർ പിടിയിലായത് റവന്യൂ വകുപ്പിലാണ്. ഈ വകുപ്പിൽ മാത്രം 20 കേസുകൾ റിപ്പോർട്ട് ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പിൽ 12 കേസുകളും, പോലീസ് വകുപ്പിൽ ആറുകേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ പിടിയിലായത് എറണാകുളം ആസ്ഥാനമായുള്ള മധ്യ മേഖലയിലാണ്. 28 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കോഴിക്കോട് ആസ്ഥാനമായി വടക്കൻ മേഖലയിൽ 15 കേസുകൾ. കോട്ടയം ആസ്ഥാനമായി കിഴക്കൻ മേഖലയിൽ ഒമ്പത് കേസുകൾ.
ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ മേഖലയിൽ അഞ്ചുകേസുകൾ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് ട്രാപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തതിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ട്രാപ്പ് കേസുകൾക്ക് പുറമെ അഴിമതി തടയാൻ വിപുലമായ അന്വേഷണങ്ങളാണ് വിജിലൻസ് നടത്തിവരുന്നത്. ഈ വർഷം മാത്രം 201 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ 300 പ്രാഥമിക അന്വേഷണങ്ങളും, 136 രഹസ്യ അന്വേഷണങ്ങളും, 57 വിജിലൻസ് അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.
അഴിമതിക്കാരെ പിടികൂടാൻ വരുംവർഷങ്ങളിലും കർശനമായ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വ്യക്തമാക്കി. അഴിമതി രഹിത സിവിൽ സർവീസ് ലക്ഷ്യമിട്ടുള്ള ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.


