നിയമസഭാ തിരഞ്ഞെടുപ്പ്: മുൻകൂട്ടി കളത്തിലിറങ്ങാൻ ബിജെപി; ജനുവരിയിൽ മോദി കേരളത്തിൽ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുൻകൂട്ടി കളത്തിലിറങ്ങാൻ ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതുൾപ്പെടെ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ബിജെപി മുന്നിട്ടിറങ്ങുന്നത്. ‘മിഷൻ 2026’ എന്ന പേരിലാണ് ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അണിയിച്ചൊരുക്കുന്നത്.

ജനുവരിയിൽ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. 45 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ച തിരുവനന്തപുരം കോർപ്പറേഷൻ വികസനത്തിനായുള്ള പ്രത്യേക മാസ്റ്റർ പ്ലാൻ പ്രഖ്യാപനവും മോദി നടത്തുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.

കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിനായി കഴിഞ്ഞ നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കിയ എ ക്ലാസ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും ഇത്തവണ പ്രവർത്തനം. ബിജെപിക്ക് ജയിക്കാൻ സാധ്യതയുള്ളവയെന്ന് പാർട്ടി വിലയിരുത്തുന്ന മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങൾ. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തൃശ്ശൂർ, പാലക്കാട് തുടങ്ങി 10 മണ്ഡലങ്ങളിൽ വിജയിക്കാനുള്ള പ്രവർത്തനങ്ങളാണ് ബിജെപി രൂപം കൊടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിൽ ഒന്നാമതെത്തിയ മണ്ഡലങ്ങളിൽ വിജയമുറപ്പിക്കാൻ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന സ്ഥാനാർഥികളെത്തും.

കേരളത്തിൽ ബിജെപിക്ക് ജയിക്കാൻ സാധിക്കുമെന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നതിലുണ്ടായിരുന്ന അകൽച്ച ജനങ്ങളിൽ നിന്ന് പതിയെ മാറിത്തുടങ്ങിയെന്നാണ് ബിജെപി വിലയിരുത്തുന്നത്. തൃശ്ശൂരിലെ ലോക്‌സഭാ വിജയവും തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണവും ഇതിന്റെ തെളിവായാണ് ബിജെപി കാണുന്നത്. ജനുവരി 3-ന് ചേരുന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകും. നിയമസഭയിൽ അക്കൗണ്ട് തുറക്കുക മാത്രമല്ല, കേരളത്തിലെ ഭരണം ആര് നിർണ്ണയിക്കണം എന്ന് തീരുമാനിക്കുന്ന നിർണ്ണായക ശക്തിയായി മാറാനാണ് ‘മിഷൻ 2026’-ലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം കുറഞ്ഞത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അത് മറികടന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വോട്ട് വിഹിതം ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമൊരുക്കും.

Share
error: Content is protected !!