വയനാട് കാണാൻ പുറപ്പെട്ടവർ കുടുങ്ങി: ചുരം കയറാൻ മണിക്കൂറുകൾ
താമരശ്ശേരി (കോഴിക്കോട്): പുതുവത്സരാഘോഷത്തിന് വിനോദസഞ്ചാരികളുടെ തിരക്കേറിയതോടെ വാഹന ബാഹുല്യത്തിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം. മണിക്കൂറുകൾ നീണ്ട കുരുക്കിലേക്കാണു പലപ്പോഴും ചുരം യാത്ര വഴിമുട്ടുന്നത്.
ഇത്തവണ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതു ജനുവരി രണ്ടാം വാരത്തിലായതിനാൽ പുതുവത്സരത്തോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ചുരം കയറി വയനാട് കാണാനെത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതാണു ചുരത്തിലെ ഗതാഗതത്തെ കൂടുതൽ കുരുക്കിയത്. വരും ദിനങ്ങളിലും ചുരത്തിൽ കുരുക്കേറുമെന്ന സ്ഥിതിയാണു നിലവിലുളളത്. ഞായറാഴ്ച വയനാട്ടിൽനിന്ന് ചുരം ഇറങ്ങാൻ എത്തിയ വാഹനങ്ങളുടെ നിര പഴയ വൈത്തിരി വരെ എത്തിയിരുന്നു.
ചരക്കുവാഹനങ്ങൾക്കു ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ചുരത്തിലെ ഗതാഗതനിയന്ത്രണങ്ങൾ തെറ്റിച്ച് വരിമാറി കയറുന്ന വാഹനങ്ങളാണ് പലപ്പോഴും ഗതാഗതക്കുരുക്കുകൾക്ക് ഇടയാക്കുന്നത്. അടിവാരം മുതൽ ലക്കിടി വരെയുള്ള 10 കിലോമീറ്റർ ചുരം കയറിയെത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്.
അവധിക്കാലത്തെ തിരക്കു പരിഗണിച്ച് ചുരത്തിലെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പൊലീസിനെ നിയോഗിച്ചതായി കോഴിക്കോട് റൂറൽ എസ്പി കെ.ബൈജു മനോരമ ഓൺലൈനോടു പറഞ്ഞു. മൾട്ടി ആക്സിൽ വാഹനങ്ങൾ രാവിലെ ചുരത്തിലൂടെ കടത്തിവിടുന്നില്ല. എല്ലാ വളവുകളിലും ആവശ്യത്തിന് പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ കൃത്യമായ ഗതാഗത നിയമങ്ങൾ പാലിക്കണം. വയനാട്ടിൽനിന്ന് ആശുപത്രി, വിമാനത്താവളം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്കു പോകുന്നവർ യാത്രാദൈർഘ്യം പരിഗണിച്ച് നേരത്തെ ഇറങ്ങണമെന്നും വെള്ളവും ഭക്ഷണവും കൈയിൽ കരുതണമെന്നും ചുരം സംരക്ഷണസമിതിയും പൊലീസും നിർദേശിച്ചു.
ചുരത്തിലെ കുരുക്കു പരിഹരിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ലാ കലക്ടർക്കു നിവേദനം നൽകിയിരുന്നു. ട്രാഫിക് നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കു കനത്ത പിഴ ചുമത്തി കർശന നിയന്ത്രണം വേണമെന്ന ആവശ്യവും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ഉയർത്തുന്നു.


