കർണാടകയിൽ വീടുകൾ തകർത്ത സംഭവം നീതീകരിക്കാനാവില്ല, പുനരധിവസിപ്പിക്കണം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
കോഴിക്കോട്: കർണാടക യെലഹങ്കയിലെ ബുൾഡോസർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വീടുകൾ തകർത്ത സംഭവം നീതീകരിക്കാനാവില്ല.
വീടുകൾ തകർത്ത നടപടി ആശങ്കയും വേദനയും സൃഷ്ടിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങളും ദളിതരും തിങ്ങിപ്പാർക്കുന്ന പ്രദേശം കൊടുംതണുപ്പിൽ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേർന്നതല്ലെന്നും കാന്തപുരം അറിയിച്ചു.
പാർപ്പിട സൗകര്യം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും വേണ്ട സമയം നൽകിയും പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയും മാത്രമേ സർക്കാർ പോലുള്ള ഔദ്യോഗിക കേന്ദ്രങ്ങൾ ഭൂമി പിടിച്ചെടുക്കൽ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ അതിവേഗം മുന്നോട്ടുവരണം -ഗ്രാൻഡ് മുഫ്തി പറഞ്ഞു.


