അതിശൈത്യം ആസ്വദിക്കാൻ കാത്തിരുന്നവർക്ക് തിരിച്ചടി; സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെബൽ ജെയ്‌സ് അടച്ചു

റാസൽഖൈമ: യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജെബൽ ജെയ്‌സിലെ അതിശൈത്യം ആസ്വദിക്കാൻ കാത്തിരുന്ന സഞ്ചാരികൾക്ക് തിരിച്ചടിയായി മലനിരകളിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക വിലക്ക്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡുകൾക്കും നടപ്പാതകൾക്കും കേടുപാടുകൾ സംഭവിച്ചതിനാലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അധികൃതർ മലനിരകൾ അടച്ചത്. മലയാളികളുടെയടക്കം പ്രവാസികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് ജെബർ ജെയ്സ്.

ഈ മാസം 17 മുതൽ 19 വരെ പെയ്ത മഴയിൽ റോഡുകളിൽ മണ്ണും കല്ലും ഇടിഞ്ഞുവീഴുകയും വഴുക്കൽ അനുഭവപ്പെടുകയും ചെയ്തിരുന്നു. കയറ്റം കയറാൻ ശ്രമിച്ച ചില വാഹനങ്ങൾ അപകടത്തിൽപ്പെടുകയും കുടുങ്ങുകയും ചെയ്തതോടെയാണ് അറ്റകുറ്റപ്പണികൾക്കായി സന്ദർശകരെ വിലക്കിയത്. പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം ഘട്ടംഘട്ടമായി മാത്രമേ ജെബൽ ജെയ്‌സ് തുറന്നുനൽകൂ.

സീസണിലെ ഏറ്റവും കുറഞ്ഞ താപനില വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കൊടുംതണുപ്പിന്റെ ദിനങ്ങളിലാണ് ജെബൽ ജെയ്‌സ് അടച്ചിരിക്കുന്നത് എന്നത് സഞ്ചാരികളെ നിരാശരാക്കുന്നു. വരും ദിവസങ്ങളിൽ മലനിരകളിൽ താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) പ്രവചനം. ജനുവരി ആദ്യ വാരങ്ങളിൽ താപനില 1 ഡിഗ്രി വരെ എത്താറുണ്ട്. ഈ സമയത്തെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ ആഴ്ചകൾക്ക് മുൻപേ ക്യാംപിങ് പ്ലാൻ ചെയ്തവരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.

പകരക്കാരനായി ജെബൽ യാബിറും യാനസും ജെബൽ ജെയ്‌സ് അടച്ചതോടെ തണുപ്പ് തേടിപ്പോകുന്ന സാഹസിക സഞ്ചാരികൾ ബദൽ മാർഗങ്ങൾ തേടുകയാണ്. ജെബൽ യാബിർ, ജെബൽ യാനസ്, ഫുജൈറയിലെ മലനിരകൾ എന്നിവിടങ്ങളിലേക്ക് ക്യാംപിങ് മാറ്റാനാണ് പലരുടെയും തീരുമാനം.

ജെബൽ ജെയ്‌സിലെ പോലെ റസ്റ്ററന്റുകളോ സിപ്പ് ലൈനോ ഈ മലനിരകളിൽ ഇല്ലെങ്കിലും കഠിനമായ തണുപ്പ് ആസ്വദിക്കാൻ ഇവിടങ്ങൾ അനുയോജ്യമാണെന്ന് സഞ്ചാരികൾ പറയുന്നു. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ വാദികളിൽ ക്യാംപ് ചെയ്യരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മലനിരകളിൽ പാറകൾ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാലും വഴുക്കലുള്ളതിനാലും ഹൈക്കിങ്ങിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Share
error: Content is protected !!