എസ് ഐ ആര്‍: കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ് ഐ ആര്‍ നടപടിയിലൂടെ 24.08 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നത്. ക്രിസ്മസ് അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കു കൂടി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം.
അവധിക്കെത്തുന്നവരില്‍ നല്ലൊരു ശതമാനവും ‘കണ്ടെത്താന്‍ സാധിക്കാത്ത’വര്‍ ഉള്‍പ്പെട്ട എ എസ് ഡി പട്ടികയിലാണ്. ഈ പട്ടികയില്‍ 6,45,548 പേരാണുള്ളത്. ഇവര്‍ പുറത്താകാതിരിക്കാന്‍ എസ് ഐ ആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് സംസ്ഥാന സര്‍ക്കാറിന്റെയും ബി ജെ പിയിതര പാര്‍ട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഇന്ന് മുതല്‍ ജനുവരി 22 വരെ ഫോം ആറില്‍ അപേക്ഷിക്കാം. ഡിക്ലറേഷനും നല്‍കണം. പുതിയതായി പേരുചേര്‍ക്കാന്‍ ഫോറം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്.


