ആര്യയെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഹർജി: മുൻ മേയർക്കും ഭർത്താവിനും സഹോദരഭാര്യയ്ക്കും നോട്ടിസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ച കേസില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവര്‍ക്ക് നോട്ടിസ്. ഇവരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ യദു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടിസ് അയച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ആണ് കേസ് പരിഗണിക്കുന്നത്.

ജനുവരി 21 ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം. എഫ്‌ഐആറില്‍ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രം തള്ളണം എന്നും ആവശ്യപ്പെട്ട് യദു പുതിയ ഹര്‍ജി നല്‍കിയിരുന്നു. തന്നോടൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ടക്ടര്‍ സുബിനെ കൂടി പ്രതിയാക്കണം എന്നാണ് പുതിയ ഹര്‍ജിയില്‍ യദുവിന്റെ ആവശ്യം. സുബിനാണു ബസില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡ് മേയര്‍ അടക്കമുള്ള പ്രതികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നശിപ്പിച്ചതെന്നാണ് യദുവിന്റെ ആരോപണം.

ആദ്യം മുതല്‍ ഈ വിഷയത്തില്‍ കേസ് എടുക്കാന്‍ പൊലീസ് വിമുഖത കാണിച്ചിരുന്നു. യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച കോടതി നേരിട്ട് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുക്കാന്‍ പോലും തയാറായത്. നിലവില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു മാത്രമാണ് പ്രതി. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകണമെന്നു കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു. എന്നാല്‍ മേയര്‍ അടക്കമുള്ളവരെ ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്.

Share
error: Content is protected !!