കാട്ടാനയെ തീകൊളുത്തി കൊന്നു; ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ
കൊളംബോ: ശ്രീലങ്കയിൽ കാട്ടാനയെ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തുകയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. അനുരാധപുര സ്വദേശികളായ 42നും 50നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രാജ്യാന്തര തലത്തിൽ ഉയരുന്നത്.
വാലിൽ തീകൊളുത്തുന്നതും ആന വേദനകൊണ്ട് പുളയുന്നതും പ്രതികൾ നോക്കി നിൽക്കുന്നതുമാണ് വിഡിയോയിലുള്ളത്. മറ്റൊരു ദൃശ്യത്തിൽ പരുക്കേറ്റ ആന നിലത്ത് കിടന്ന് ഉരുളുന്നതും കാണാം. തീകൊളുത്തുന്നതിന് മുൻപ് ആനയെ വെടിവെച്ച് പരുക്കേൽപ്പിച്ചിരുന്നതായും വന്യജീവി വകുപ്പ് അധികൃതർ വെളിപ്പെടുത്തി. വെറ്ററിനറി ഡോക്ടർമാർ ആനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ശ്രീലങ്കൻ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്. ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. എങ്കിലും രാജ്യത്ത് 1976ന് ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാൽ ഇത് ജീവപര്യന്തം തടവായി ചുരുങ്ങാനാണ് സാധ്യത. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചതിനെ തുടർന്ന് പ്രതികളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്തു.
ശ്രീലങ്കയിൽ ഏകദേശം 7,000 കാട്ടാനകളുണ്ടെന്നാണ് കണക്ക്. എന്നാൽ കാട് കയ്യേറ്റവും ഭക്ഷണത്തിന്റെ ദൗർലഭ്യവും മൂലം ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത് പതിവാണ്. വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കരുത്ത് പകരുന്ന ആനകളുടെ സഞ്ചാരപാതകള് സംരക്ഷിക്കണമെന്നും ഇത്തരം ക്രൂരതകൾക്കെതിരെ കർശന നടപടി വേണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.


