വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു
കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലാണ് ഉത്തരവിറക്കിയത്. വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
കാലാവധി നീട്ടണമെന്ന് വിവിധ സ്ഥാപന മാനേജ്മെന്റുകളും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വഖഫ് ബോർഡ് ട്രിബ്യൂണലിനെ സമീപിച്ചത്.
ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്ത രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണം. 10 ശതമാനം വഖഫ് സ്വത്തുകളാണ് നിലവിൽ കേരളത്തിൽ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുതിയ വഖഫ് ഭേദഗതി നിയമപ്രകാരമാണ് വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം വന്നത്.
ഡിസംബർ ആറിന് ആയിരുന്നു ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.


