കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് സാധനം എത്തിക്കാമെന്ന് വാഗ്ദാനം; പ്രവാസികൾ വീട്ടിലേക്കയച്ച സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു

റിയാദ്: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് സാധനം എത്തിക്കാമെന്ന് വാഗ്ദാനം നൽകി വ്യാജ കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷനാണ് (ഐഡിഎ) ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. 

ഔദ്യോഗിക സ്ഥാപനങ്ങൾ ഇല്ലാത്ത വ്യക്തികൾ മിനി പിക്കപ്പ് വാനും നെയിം കാർഡും സ്റ്റിക്കർ കാർഡും ബില്ലും ഉപയോഗിച്ചാണ് കാർഗോ വഴി അയക്കാനുള്ള സാധനങ്ങൾ ശേഖരിക്കുന്നത്. എന്നാൽ ഇവർ ശേഖരിക്കുന്ന വസ്തുക്കൾ നാട്ടിലേക്ക് അയക്കാതെ ഗോഡൗണിൽ തന്നെ കെട്ടിക്കിടക്കും. നാട്ടിലേക്ക് എത്തിച്ചാൽ തന്നെ അവയും വിതരണം ചെയ്യില്ല. ഇവ പിന്നീട് കുറഞ്ഞ വിലക്ക് വിൽക്കുകയും ചെയ്യും. കുറഞ്ഞ നിരക്കിൽ അയയ്ക്കാമെന്ന് പറഞ്ഞ് പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരം അനധികൃത കാര്‍ഗോ ഏജൻസികളുടെ വ്യക്തികളോ അംഗീകൃത ഏജൻസികൾ വഴിയാണ് കാർഗോ അയക്കാൻ ശ്രമിക്കാറുള്ളത്.

ഉപഭോക്താക്കളിൽനിന്ന് എടുക്കുന്ന സാധനങ്ങൾ അംഗീകൃത ഏജൻസികളിൽ കൊണ്ടുവന്ന് ഏൽപ്പിച്ച ശേഷം പേയ്മെന്റ് ഭാഗികമായി നടത്തിയശേഷം മുങ്ങുന്ന സംഭവങ്ങളുമുണ്ട്. ബാക്കി പണം കൂടി വന്നിട്ട് അയക്കാമെന്ന് കരുതി ഏജൻസികൾ കാത്തിരിക്കും. എന്നാൽ കൊണ്ടുവന്ന് ഏൽപിച്ച ഏജന്റുമാരെ പിന്നെ കാണില്ല. അതോടെ ഈ സാധനങ്ങൾ ഗോഡൗണിൽ തന്നെ കെട്ടികിടക്കുന്ന സാഹചര്യമുണ്ടാവും.

ജിദ്ദ, ദമാം, റിയാദ് എന്നീ പ്രവിശ്യകളിലെ കാര്‍ഗോ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി രൂപവത്കരിക്കപ്പെട്ട ഐഡിഎ പ്രവാസികൾ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘടനയുടെ മേൽനോട്ടത്തിൽ എയർ കാർഗോക്ക് 13 റിയാലും സീ കാർഗോക്ക് 7 റിയാലും എന്ന നിലയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഈ തുകയിൽ കുറച്ച് കാർഗോ അയയ്ക്കാമെന്ന് പറഞ്ഞ് ഏജന്റുമാർ സമീപിച്ചാൽ തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാധനങ്ങൾ ഏൽപ്പിക്കാവൂവെന്നും മുന്നറിയിപ്പ്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രാമചന്ദ്രന്‍, രഞ്ജിത് മോഹന്‍, കെ.ടി റഫീഖ്, ടി.കെ ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തന്‍വീര്‍, നൂറുദ്ദീന്‍, മുഹമ്മദ് ബശീര്‍ എന്നിവര്‍ പങ്കെടുത്തു.

Share
error: Content is protected !!