7 രാജ്യങ്ങൾക്കൊപ്പം 7 പുതുപ്പിറവി; പുതുവർഷാഘോഷത്തിന് സജ്ജമായി ഗ്ലോബൽ വില്ലേജ്
ദുബായ്: ഒറ്റ രാത്രിയിൽ 7 തവണ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ സന്ദർശകരെ ക്ഷണിച്ച് ദുബായിലെ ഗ്ലോബൽ വില്ലേജ്. ആഗോള ഗ്രാമത്തിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാർക്കായാണ് വ്യത്യസ്ത സമയങ്ങളിൽ 7 തവണ കൗണ്ട്‍ഡൗൺ ഒരുക്കി പുതുവർഷത്തെ വരവേൽക്കാൻ അവസരം ലഭിക്കുക.
ഓരോ രാജ്യങ്ങളിലെയും സമയക്രമത്തിന് ആനുപാതികമായി യുഎഇ സമയം രാത്രി 8 മുതൽ പുലർച്ചെ ഒന്നു വരെയായിരിക്കും പുതുവർഷത്തെ പടിപടിയായി വരവേൽക്കുക. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയ്യാൻ വൈകിട്ട് 4 മുതൽ പുലർച്ചെ 2 വരെ ഗ്ലോബൽ വില്ലേജിന്റെ 3 കവാടങ്ങളും തുറക്കും.
ഓരോ രാജ്യത്തെയും പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇയിൽ വെടിക്കെട്ടും ഡ്രോൺ ഷോയും ഒരുക്കിയിട്ടുണ്ട്. അർധരാത്രി 12 വരെ കാത്തിരുന്ന് യുഎഇയിലെ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ സാധിക്കാത്തവർക്ക് ഗ്ലോബൽ വില്ലേജിലെത്തി മറ്റേതെങ്കിലും രാജ്യക്കാർക്കൊപ്പം പുതുവർഷത്തെ വരവേൽക്കാം.
പുതുവർഷത്തോടനുബന്ധിച്ച് മുഖ്യവേദിയിൽ ഇടതടവില്ലാത്ത സംഗീത, നൃത്ത, ഹാസ്യ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. 90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണ് സന്ദർശകരെ വരവേൽക്കുന്നത്. ഓരോ പവിലിയനുകളിൽ പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കും. 3500ലേറെ വ്യാപാര കേന്ദ്രങ്ങളിൽ വിവിധ രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും പ്രകടമാകുന്ന ഉൽപന്നങ്ങൾ വാങ്ങാനും അവസരം. വ്യത്യസ്ത രാജ്യങ്ങളുടെ രുചി പകരുന്ന 250ലേറെ ഭോജനശാലകളും പുലരുവോളം പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാൻ 200ലേറെ റൈഡുകളും ഗെയിമുകളും ഉണ്ട്. വിവിധ രാജ്യക്കാരായ കലാകാരന്മാർ അണിനിരക്കുന്ന കാർണിവലും വ്യത്യസ്ത കലാപരിപാടികളും അരങ്ങേറും.


