മണിക്കൂറുകളോളം ബാത്ത്റൂമിൽ: എൻജിനീയറെ പിരിച്ചുവിട്ട് കമ്പനി
ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തതിന് ചൈനയിൽ എൻജിനീയറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജീവനക്കാരന് ഹെമറോയ്ഡ്‌സ് (പൈൽസ്) ബാധിച്ചു എന്ന അവകാശവാദം നിലനിൽക്കെയാണ് കമ്പനിയുടെ നടപടി.
സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ജിയാങ്‌സു പ്രവിശ്യയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ‘ലി’ എന്ന ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. 2024 ഏപ്രിൽ മുതൽ മേയ് വരെയുള്ള ഒരു മാസത്തിനുള്ളിൽ ഇദ്ദേഹം 14 തവണ ബാത്ത്റൂം ഇടവേളകൾ എടുത്തതായി രേഖകൾ വ്യക്തമാക്കുന്നു. നാല് മണിക്കൂർ വരെ ഇയാൾ ബാത്ത്റൂമിൽ ചെലവഴിച്ചതായും റിപ്പോട്ടുണ്ട്.
തൊഴിൽ കരാർ നിയമവിരുദ്ധമായി അവസാനിപ്പിച്ചു എന്ന് ആരോപിച്ച് ലി കമ്പനിക്കെതിരെ കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറലോകം അറിയുന്നത്. 2010-ൽ സ്ഥാപനത്തിൽ ചേർന്ന ലി, 2014-ൽ ഒരു ഓപ്പൺ ടേം കരാർ പുതുക്കിയിരുന്നു. ജോലിസമയയത്ത് ലിയുടെ ആവർത്തിച്ചുള്ള അഭാവം മാനേജർമാറുടെ ശ്രദ്ധയിലെത്തി. തുടർന്ന്, സിസിടിവി പരിശോധിച്ചപ്പോൾ ലി കൂടതൽ സമയവും ബാത്ത്റൂമിൽ ചെലവഴിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഈ നിരീക്ഷണ ദൃശ്യങ്ങൾ കമ്പനി കോടതിയിൽ സമർപ്പിച്ചു.
സ്ഥാപനത്തിലെ കരാർ വ്യവസ്ഥകൾ അനുസരിച്ച്, ഒരു നിശ്ചിത കാലയളവിൽ അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ‘അഭാവമായി’ കണക്കാക്കും. 180 ദിവസത്തിനുള്ളിൽ മൂന്ന് പ്രവൃത്തി ദിവസങ്ങൾ മാത്രം വിട്ടുനിൽക്കുന്നത് പോലും ഉടനടി പിരിച്ചുവിടലിന് കാരണമാകും. ലിയെ പിരിച്ചുവിടുന്നതിന് മുമ്പ് സ്ഥാപനം ലേബർ യൂണിയന്റെ അനുമതി തേടിയിരുന്നു.
അതേസമയം തനിക്ക് ഹെമറോയ്ഡ്‌സ് ബാധിച്ചിരുന്നു എന്ന് തെളിയിക്കാൻ ലി, കഴിഞ്ഞ വർഷം മേയ്-ജൂൺ മാസങ്ങളിൽ ഓൺലൈനായി വാങ്ങിയ മരുന്നുകളുടെ രസീതുകളും ഈ വർഷം ജനുവരിയിലെ ഇൻപേഷ്യന്റ് സർജറി രേഖകളും ഹാജരാക്കി. തന്റെ രോഗാവസ്ഥയാണ് നീണ്ട ഇടവേളകൾക്ക് കാരണമായതെന്നും നിയമവിരുദ്ധമായി പിരിച്ചുവിട്ടതിന് 320,000 യുവാൻ (ഏകദേശം 45,000 ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
എങ്കിലും, ലി ബാത്ത്റൂമിൽ ചെലവഴിച്ച സമയം അദ്ദേഹത്തിന്റെ ശാരീരിക ആവശ്യങ്ങൾ ‘വളരെയധികം കവിഞ്ഞതായി’ കോടതി നിരീക്ഷിച്ചു. മാത്രമല്ല, ബാത്ത്റൂം ഇടവേളകൾ സംഭവിച്ചതിന് ശേഷമുള്ള കാലയളവിലെ മെഡിക്കൽ രേഖകളാണ് ഇദ്ദേഹം സമർപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാനമായി, കരാർ പ്രകാരം ആവശ്യപ്പെടുന്നതുപോലെ, തന്റെ രോഗാവസ്ഥയെക്കുറിച്ച് കമ്പനിയെ മുൻകൂട്ടി അറിയിക്കാനോ സിക്ക് ലീവിനായി അപേക്ഷിക്കാനോ ലി തയാറായില്ല.
രണ്ട് വിചാരണകൾക്ക് ശേഷം, കോടതിയുടെ മധ്യസ്ഥതയിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തി. സ്ഥാപനത്തിന് ലി നൽകിയ സംഭാവനകളും തൊഴിലില്ലായ്മയുടെ ബുദ്ധിമുട്ടും പരിഗണിച്ച്, 30,000 യുവാൻ (ഏകദേശം 4,200 ഡോളർ) അലവൻസായി നൽകി കേസ് അവസാനിപ്പിക്കാൻ കമ്പനി സമ്മതിച്ചു.
….


