ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര് ശ്രീലേഖയും പരിഗണനയിൽ
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാര്‍ട്ടിയിൽ ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര് ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. വിവി രാജേഷിനെ മേയറാക്കിയാൽ ആര് ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയൽ സജീവമാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. അന്തിമ തീരുമാനം വൈകാതെ ബിജെപി പ്രഖ്യാപിച്ചേക്കും.
പാര്‍ട്ടി മേയര്‍ പദവി വാഗ്ദാനം ചെയ്താൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് കൊടുങ്ങാനൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വി വി രാജേഷ് പറഞ്ഞു. മേയര്‍ സ്ഥാനം സംബന്ധിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ തീരുമാനം പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷൻ പറയുന്ന കാര്യങ്ങള്‍ എല്ലാവരും അനുസരിക്കും. തങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ സമരപോരാട്ടങ്ങളടക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും കോര്‍പ്പറേഷനിലെ അഴിമതി ഭരണത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും വിവി രാജേഷ് പറഞ്ഞു.
സിപിഎമ്മിന്റെ അഴിമതി ഭരണത്തിനെതിരായ വിധിയാണ് തിരുവനന്തപുരത്ത് ബിജിപിക്ക് അട്ടിമറി വിജയം സമ്മാനിച്ചതെന്ന് രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശാസ്തമംഗലത്ത് സ്ഥാനാര്‍ഥിയായി നിര്‍ത്തുമ്പോള്‍ മേയര്‍ പദവി സംബന്ധിച്ച് ഒരു വാഗ്ദാനവും ബിജെ പി നേതൃത്വം നല്‍കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ആര് ശ്രീലേഖ. ഇക്കാര്യത്തിൽ പാര്‍ട്ടി അധ്യക്ഷനാണ് തീരുമാനം എടുക്കേണ്ടതെന്നും മേയര്‍ പദവിയില്ലെങ്കിലും ജനസേവനത്തിനായി വാര്‍ഡിൽ സജീവമായി ഉണ്ടാവുമെന്നും ആര്. ശ്രീലേഖ പറഞ്ഞു.
…..


