ഡോക്ടർമാരും സൂക്ഷിക്കണം, ലഹരി കേസിൽ വിദേശികൾക്ക് മുന്നറിയിപ്പുമായി ഗൾഫ് രാജ്യം

ദുബായ്: ലഹരിമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിനുള്ള നിയമങ്ങൾ യുഎഇ കർശനമാക്കി. ലഹരിമരുന്ന് ദുരുപയോഗം ചെയ്യുന്ന മെഡിക്കൽ പ്രാക്ടീഷണർമാർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ഭേദഗതി ചെയ്ത നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും പുതിയ നിയമം അനുശാസിക്കുന്നു.

പൊതുജന സംരക്ഷണം ശക്തിപ്പെടുത്താനും നീതി ഉറപ്പാക്കാനും ലഹരിമരുന്ന് നിയന്ത്രണത്തിനായുള്ള ദേശീയ ചട്ടക്കൂട് മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഫെഡറൽ ഡിക്രി-ലോ ഓഫ് കോംബാറ്റിംഗ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തത്.

∙ ഡോക്ടർമാർക്ക് കടുത്ത ശിക്ഷ

അംഗീകൃത പരിധിക്ക് പുറത്തോ സാധുവായ കുറിപ്പടി ഇല്ലാതെയോ  മരുന്ന് വിതരണം ചെയ്യുന്നവർക്ക് പുതിയ നിയമം കർശനമായ ശിക്ഷ ഉറപ്പാക്കുന്നു.  ഇത്തരം നിയമലംഘനങ്ങൾക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും കുറഞ്ഞത് 50,000 ദിർഹം പിഴയും ചുമത്തും. ഇത് ലഹരിമരുന്ന് ഉപയോഗം സുഗമമാക്കുന്ന കുറ്റകൃത്യമായി കണക്കാക്കും.

ലൈസൻസ് ഇല്ലാതെ, വൈദ്യപരമായ ന്യായീകരണമില്ലാതെ, അല്ലെങ്കിൽ അംഗീകൃത പരിധി ലംഘിച്ച്  മരുന്ന് കുറിപ്പടി ചെയ്യുന്ന ഡോക്ടർമാർക്കുള്ള പിഴയും തടവും വർധിപ്പിച്ചു. കുറഞ്ഞത് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയുമാണ് ശിക്ഷ.

∙ പുതിയ അതോറിറ്റികളും ചികിൽസാ യൂണിറ്റുകളും

നിയമത്തിലെ ഭേദഗതികളോടെ, ‘മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ’ എന്നതിന് പകരം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് രാജ്യത്തെ മെഡിക്കൽ ഉൽപന്നങ്ങളുടെ നിയന്ത്രണത്തിനുള്ള അധികാര കേന്ദ്രമായി മാറുക. അതുപോലെ ‘മിനിസ്ട്രി ഓഫ് ഇന്റീരിയർ’ എന്ന സ്ഥാനത്ത് ലഹരിമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റിയെ നിയമിച്ചു.

കൂടാതെ, ലഹരിമരുന്നിന് അടിമകളായ വ്യക്തികൾക്ക് ചികിത്സ നൽകാനും പുനരധിവാസത്തിനുമായി പ്രത്യേക യൂണിറ്റുകൾ സ്ഥാപിക്കാൻ ഫെഡറൽ ആരോഗ്യ അതോറിറ്റികൾക്കും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും നിയമം അനുമതി നൽകുന്നു.

∙ വിദേശികളെ നാടുകടത്തും

ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശ പൗരന്മാരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്തണമെന്ന് നിയമം നിർബന്ധമാക്കുന്നു. കോടതി ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണം. എങ്കിലും, രണ്ട് പ്രത്യേക സാഹചര്യങ്ങളിൽ വിദേശികളെ നാടുകടത്തുന്നതിൽ നിന്ന് ഒഴിവാക്കാം. കുറ്റം ചെയ്യുമ്പോൾ വ്യക്തി യുഎഇ പൗരന്റെ പങ്കാളിയോ ഒന്നാം തലത്തിലുള്ള ബന്ധുവോ ആണെങ്കിൽ എന്നതാണ് ഇതിലൊന്ന്.

വ്യക്തി യുഎഇയിൽ താമസിക്കുന്ന കുടുംബത്തിലെ ഒരംഗമായിരിക്കുകയും നാടുകടത്തൽ കുടുംബത്തിന്റെ സുസ്ഥിരതയ്ക്ക് ഗുരുതരമായ ദോഷം വരുത്തുകയോ, കുടുംബാംഗത്തിന് ആവശ്യമായ പരിചരണം നിഷേധിക്കുകയോ ചെയ്യുമ്പോൾ. (ഇവിടെ ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ കുടുംബത്തിന് കഴിവുണ്ടായിരിക്കണം). ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ ആവശ്യങ്ങൾക്കായി ലഹരിമരുന്ന് കൈവശം വയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

Share
error: Content is protected !!