സൗദി ഓഹരി വിപണിയിൽ ചരിത്രമെഴുതി ഡോ. ഷംഷീർ വയലിലിന്റെ അൽമസാർ
റിയാദ്: മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരംഭമായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ സൗദി ഓഹരി വിപണിയിൽ (തദാവുൽ) മികച്ച മുന്നേറ്റത്തോടെ ലിസ്റ്റ് ചെയ്ത് ചരിത്രം കുറിച്ചു. ഐപിഒയ്ക്ക് ശേഷം 19.5 റിയാൽ (ഏകദേശം 467 രൂപ) വിലയിൽ വ്യാപാരം തുടങ്ങിയ ഓഹരികൾ ആദ്യ ദിനം തന്നെ 18.41% കുതിച്ചുയർന്ന് 23.09 റിയാലിൽ (ഏകദേശം 553 രൂപ) ക്ലോസ് ചെയ്തു.
ഇതോടെ കമ്പനിയുടെ ആകെ മൂല്യം 2.36 ബില്യൻ റിയാലായി (ഏകദേശം 5,665 കോടി രൂപ) ഉയർന്നു. ജിസിസിയിലെ മുൻനിര സ്പെഷലൈസ്ഡ് എജ്യൂക്കേഷൻ കമ്പനിയായ അൽമസാർ അൽഷാമിൽ എജ്യുക്കേഷന്റെ ഈ ഉജ്വല പ്രകടനം മധ്യപൂർവദേശത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ ഉണർവേകുന്നതാണ്.
യുഎഇയിൽ വേരുകളുള്ള അമാനത്ത് ഹോൾഡിങ്‌സിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സൗദി എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡോ. ഷംഷീറാണ് അമാനത്ത് ഹോൾഡിങ്‌സിന്റെയും അൽമസാർ അൽഷാമിൽ എജ്യുക്കേഷന്റെയും ചെയർമാൻ.
∙ മൂന്നു രാജ്യങ്ങളുടെ സാന്നിധ്യം; ശ്രദ്ധേയമായി ‘ബെൽ റിങ്ങിങ്’
കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നടന്ന ബെൽ റിങ്ങിങ് ചടങ്ങ് ലിസ്റ്റിങ്ങിന് കൂടുതൽ പ്രാധാന്യം നൽകി. മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ സൗദി എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിങ് തലവൻ നാസർ അൽ അജാജി, സൗദിയിലെ യുഎഇ സ്ഥാനപതി മത്താർ അൽ ദഹേരി, ഇന്ത്യൻ സ്ഥാനാപതി ഡോ. സുഹെൽ അജാസ് ഖാൻ എന്നിവർ ചേർന്നാണ് മണി മുഴക്കിയത്.
ആദ്യ മണിക്കൂറിൽ തന്നെ അൽമസാർ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അൽമസാർ അൽഷാമിലിന്റെ വളർച്ചയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഈ ലിസ്റ്റിങ് സൗദിക്കും യുഎഇയ്ക്കും ഇടയിലുള്ള പുതിയ സാമ്പത്തിക വളർച്ചയുടെ ഒരു പാലമാണ്.
വിഷനുകളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന രാജ്യങ്ങൾക്കിടയിൽ മൂലധനവും അവസരങ്ങളും പങ്കിട്ടാണ് അൽമസാർ ഓഹരി വിപണിയിലെത്തിയത്. സൗദിയുടെ വിഷൻ 2030, യുഎഇയുടെ സുസ്ഥിര വളർച്ചാ പദ്ധതികൾ എന്നിവയ്ക്ക് പിന്തുണ നൽകുന്ന വളർച്ചയാണിത്. ഇന്ത്യൻ സംരംഭകനായ ഡോ. ഷംഷീറിന്റെ ഈ ഉദ്യമത്തെ ഇന്ത്യൻ സ്ഥാനാപതി ഡോ. സുഹെൽ അജാസ് ഖാൻ അഭിനന്ദിച്ചു. കോൺസുലർ മനുസ്മൃതിയും ചടങ്ങിൽ പങ്കെടുത്തു.
∙ ഓവർ സബ്സ്ക്രിപ്ഷൻ 103 മടങ്ങ്
കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 30 ശതമാനമാണ് സൗദി എക്‌സ്‌ചേഞ്ചിന്റെ പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒയുടെ വില അതിന്റെ ശ്രേണിയിലെ ഏറ്റവും ഉയർന്ന തലത്തിലായിരുന്നു നിശ്ചയിച്ചത്. ബുക്ക് ബിൽഡിങ് പ്രക്രിയയിലൂടെ കമ്പനിക്ക് 103 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ ലഭിച്ചു. ഏകദേശം 62 ബില്യൻ സൗദി റിയാൽ (ഏകദേശം 1.48 ട്രില്യൻ രൂപ) മൂല്യം നേടിയ ഐപിഒയിലൂടെ 599 ദശലക്ഷം സൗദി റിയാലാണ് (ഏകദേശം 14.35 ബില്യൻ രൂപ) സമാഹരിച്ചത്.
ഡോ. ഷംഷീർ വയലിലിന്റെ സംരംഭക യാത്രയിലെ വിജയകരമായ മൂന്നാമത്തെ ലിസ്റ്റിങ്ങാണ് അൽമസാർ അൽഷാമിൽ എഡ്യൂക്കേഷന്റേത്. ജി.സി.സി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്‌സിനാണ് കമ്പനിയിൽ ഭൂരിഭാഗം ഓഹരി പങ്കാളിത്തം. സാമ്പത്തിക വളർച്ചയും സാമൂഹിക പ്രഭാവവും സംയോജിപ്പിക്കുന്ന ഒരു നിക്ഷേപ മാതൃകയായാണ് അമാനത്ത് സൗദി വിപണിയിൽ സാന്നിധ്യമുറപ്പിക്കുന്നത്.
അൽമസാർ അൽഷാമിൽ എജ്യുക്കേഷന്റെ നിക്ഷേപങ്ങളിൽ ഹ്യൂമൻ ഡെവലപ്‌മെന്റ് കമ്പനി, മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ്, അബുദാബി യൂണിവേഴ്സിറ്റി, ലിവ യൂണിവേഴ്സിറ്റി, നിമ ഹോൾഡിങ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. സൗദിയിലെയും യുഎഇയിലെയും 39 സ്പെഷൽ എജ്യുക്കേഷൻ നീഡ്‌സ് ഡേകെയർ സെന്ററുകൾ, 14 സ്പെഷൽ നീഡ്‌സ് സ്‌കൂളുകൾ, ഏഴ് ഉന്നത വിദ്യാഭ്യാസ ക്യാംപസുകൾ എന്നിവയിലായി 28,000 ലേറെ വിദ്യാർഥികൾക്കും ഗുണഭോക്താക്കൾക്കും കമ്പനി സേവനം നൽകുന്നുണ്ട്.


