കസ്റ്റഡി പീഡനത്തിനിരയായിട്ട് അമ്പത് വർഷം, കോളിളക്കമുണ്ടാക്കിയ കേസ്; ‘മഥുര’

ഗഡ്ചിറോളി: അഞ്ച് പതിറ്റാണ്ട് മുമ്പ് മഹാരാഷ്ട്രയിലെ മഥുര പൊലീസ് സ്റ്റേഷനിൽ ആദിവാസിയായ കൗമാരക്കാരിക്ക് നേരെ പൊലീസുകാർ നടത്തിയ ലെെംഗികാതിക്രമം ഇന്ത്യയിലുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരയായ പെണ്‍കുട്ടി പിന്നീട് ‘മഥുര’ എന്നാണ് വിളിക്കപ്പെട്ടത്.

ഈ സംഭവത്തിന് പിന്നാലെയാണ് രാജ്യത്തെ ലൈംഗികപീഡനവുമായി ബന്ധപ്പെട്ട നിയമങ്ങൾ തിരുത്തപ്പെട്ടത്. പക്ഷേ ഇന്ന് ആ അതിജിവിത കിഴക്കൻ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ അടച്ചുറപ്പില്ലാത്ത കുടിലിൽ ഒറ്റയ്ക്ക് കഴിയുകയാണ്. അമ്പത് വർഷം മുമ്പ് ഇവർക്ക് നേരിട്ട ദാരുണമായ സംഭവത്തിന്റെ പേരിൽ മുറവിളി നടത്തിയാണ് നിയമത്തിൽ വലിയ മാറ്റങ്ങൾ വന്നതെങ്കിലും പിന്നീട് ആരും ‘മഥുര’ എന്ന് അറിയപ്പെട്ട ആ ഇരയെ തിരിഞ്ഞുനോക്കിയില്ല.

നാഗ്പൂരിൽ നിന്നും 150 കിലോമീറ്റർ അകലെ ഒരു ഗ്രാമത്തിൽ മതിയായ ഭക്ഷണം പോലുമില്ലാതെ ഒരു വശം തളർന്ന നിലയിലാണ് ഈ 72കാരി ജീവിക്കുന്നതെന്ന് ടെെംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്യുന്നു. നല്ലരീതിയിൽ സംസാരിക്കാൻ പോലും അവർക്കാകുന്നില്ല. കേസിലെ പ്രതികളും പൊലീസുകാരുമായിരുന്ന പീഡകന്മാരെ നിയമം വെറുതെവിടുമ്പോഴും വിധിയില്‍ ഇരയായ പെൺകുട്ടിയെ പരാമർശിച്ചത് അവരുടെ സ്ഥലത്തിന്റെ പേരിലാണ് – മഥുര.1979ൽ സുപ്രീം കോടതി വിധിയില്‍ പ്രതികളായ കോൺസ്റ്റബിൾ ഗണപത്, ഹെഡ് കോൺസ്റ്റബിളായ തുക്കാറാം എന്നിവരെയാണ് പതിനാലുകാരിയെ മഥുര പൊലീസ് സ്റ്റേഷനിൽ വച്ച് പീഡനത്തിനിരയാക്കിയ കേസിൽ വെറുതെ വിട്ടത്.

1972 മാർച്ച് 26നാണ് ഗഡ്ചിറോളി ജില്ലയിലെ ദേസായിഗഞ്ച് പൊലീസ് സ്റ്റേഷനിൽ സഹോദരനൊപ്പം പരാതി നൽകാൻ ‘മഥുര’ എത്തുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ പ്രായപൂർത്തിയാകാത്ത മഥുരയെ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി രക്ഷയ്ക്കായി നിലവിളിച്ചില്ല, പിടിവലി നടന്നതിന്റെ അടയാളങ്ങളോ, പരിക്കുകളോ ഇല്ലാത്തതിനാൽ പീഡനമല്ലെന്നായിരുന്നു കണ്ടെത്തൽ.

ഇതിനെതിരെ പ്രതിഷേധങ്ങൾ കനത്തതോടെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിയമത്തിൽ വലിയ മാറ്റങ്ങളാണ് വന്നത്. ക്രിമിനൽ ലോ അമെൻമെന്റ് ആക്ടിൽ സെക്ഷൻ 376(എ-ഡി) കൊണ്ടുവന്നു. കസ്റ്റഡി പീഡനത്തെ കുറിച്ച് പറയുന്ന ഈ സെക്ഷനില്‍ രഹസ്യവിചാരണ നിർബന്ധമാക്കി, അതിജീവിതയുടെ ഐഡന്‍റിന്‍റി സംരക്ഷിച്ചു, ഒപ്പം കർശനമായ ശിക്ഷവിധിയും കൊണ്ടുവന്നു. ഇത്തരം മാറ്റങ്ങൾ നിയമത്തിൽ വന്നെങ്കിലും പിന്നീട് ആരും മഥുരയെ കുറിച്ച് അന്വേഷിച്ചില്ല.

മുളകൊണ്ടും, ടിൻ ഷീറ്റുകൾ, ടാർപോളിൻ എന്നിവ കൊണ്ടും മറച്ച കുടിലിനുള്ളിൽ തളർന്നു കിടക്കുകയാണ് മഥുര. എന്നാണ് അവസാനമായി താൻ കുറച്ച് പച്ചക്കറികൾ വാങ്ങിവന്നതെന്നും പോലും ഓർക്കാൻ അവർക്ക് കഴിയുന്നില്ല. സ്വയം പാചകം ചെയ്യാനുള്ള ശക്തിപോലും അവർക്കില്ല. തണുപ്പും വെയിലുമെല്ലാം മേറ്റ് തളർന്ന് കിടക്കുന്ന ജീവിതം.

2022 ഫെബ്രുവരിയിൽ അപ്പ്‌ഡേറ്റായ ബാങ്ക്പാസ് ബുക്ക് പ്രകാരം 2050 രൂപ അവരുടെ അക്കൗണ്ടിലുണ്ട്. ആധാർ കാർഡ് കാണാനില്ല. കൈകളെല്ലാം ചുക്കിചുളുങ്ങിയതിനാൽ ബയോമെട്രിക്ക് മെഷീനിൽ പോലും പതിയാത്ത സ്ഥിതിയിലാണ്. ഇക്കാരണത്താൽ വൃദ്ധർക്കായുള്ള ഒരു പദ്ധതിക്കും അപേക്ഷിക്കാനും കഴിയില്ല.

ആരോടും ഒന്നും അപേക്ഷിക്കാനോ യാചിക്കാനോ മഥുര പോയിട്ടില്ല. ഇത്രയും നാൾ എങ്ങനെ ജീവിച്ചെന്നും അറിയില്ല. മഥുരയുടെ ഒരു മകൻ നാഗ്പൂരിൽ കൂലിപ്പണിക്കാരനാണ്. മറ്റൊരാൾ തൊഴിൽ രഹിതൻ. ഇടയ്ക്കിടെ അവർ വരാറുണ്ടെങ്കിലും അവരോടും ഒന്നും മഥുര ആവശ്യപ്പെടാറില്ല. മഥുരയുടെ ദുരവസ്ഥയെ കുറിച്ച് ചന്ദ്രപൂർ ജില്ലാ കളക്ടറെ മാധ്യമപ്രവർത്തകർ വിവരം അറിയിച്ചിട്ടുണ്ട്. നടപടി ഉണ്ടാകുമെന്നാണ് വാഗ്ദാനം. മുമ്പും വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്.. ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രം.

Share
error: Content is protected !!