കളമശേരി എച്ച്എംടിക്ക് സമീപം ജീർണിച്ച നിലയിൽ മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ ബെംഗളുരു സ്വദേശി സൂരജ് ലാമ (58)യുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

ലാമയുടെ കുടുംബത്തോട് ഉടൻ കേരളത്തിലെത്താൻ പൊലീസ് നിര്‍ദേശം നൽകി. പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ സന്ദൻ ലാമ പൊലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു. ഹേബിയസ് ഹർജിക്കു പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

ദുർഗന്ധം വമിക്കുന്നുവെന്നറിഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് ജീർണിച്ചു തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ലാമയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. രൂപഭാവങ്ങളും ഏറെക്കുറെ ലാമയോട് സാദൃശ്യമുള്ളതിനാൽ മൃതദേഹം തിരിച്ചറിയുന്നതിനും ഡിഎൻഎ പരിശോധന അടക്കമുള്ളവയ്ക്കുമായി എത്താൻ മകനു നിർദേശം നൽകുകയായിരുന്നു. കുറഞ്ഞത് ഒന്നര മാസമെങ്കിലും പഴക്കമുണ്ട് മൃതദേഹത്തിന് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു. കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയും മദ്യദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിലായവരിലൊരാളാണ്. പിതാവ് ഇത്തരത്തില്‍ ആശുപത്രിയിലാണെന്ന് കുടുംബം വൈകിയാണ് അറിയുന്നത്. ഒടുവിൽ ഒക്ടോബർ നാലിന് ബന്ധുക്കളെ പോലും അറിയിക്കാതെ പരിചയക്കാർ പോലുമില്ലാത്ത കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു. മദ്യദുരന്തത്തിനു പിന്നാലെ സ്വന്തം പേരു പോലും ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു ലാമ. അഞ്ചിന് രാവിലെ മെട്രോ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് പിതാവ് ഇറങ്ങിയതായി മകൻ മനസിലാക്കിയിരുന്നു. പിന്നീട് കളമശേരിയിൽ പലയിടത്തും കണ്ടതായി വിവരം ലഭിച്ചു. 

Share
error: Content is protected !!