തിരിച്ചറിഞ്ഞത് ആകെ 39 പേരുടെ മൃതദേഹം: ഹോങ്കോങ് തീപിടിത്തത്തിൽ മരണം 128; 200 പേർ ഇപ്പോഴും കാണാമറയത്ത്
ഹോങ്കോങ്: പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. 200 പേരെ കാണാതായിട്ടുണ്ട്. മരിച്ചവരിൽ 39 പേരുടെ മൃതദേഹം മാത്രമേ ഇതുവരെ തിരിച്ചറിയാനായിട്ടുള്ളു.
കാണാതായവരിൽ ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 19 വീട്ടുജോലിക്കാരുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാവാമെന്ന് അധികൃതർ പറഞ്ഞു. തീയണയ്ക്കാനായെങ്കിലും ചൂടു കുറയാത്തതിനാൽ തിരച്ചിൽ സങ്കീർണമാണ്.
4600 പേർ താമസിച്ചിരുന്ന 32 നിലകളുള്ള പാർപ്പിട സമുച്ചയത്തിൽ ബുധനാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. 2024 സെപ്റ്റംബർ മുതൽ സമുച്ചയത്തിൽ നവീകരണ പ്രവർത്തനം നടന്നുവരികയായിരുന്നു. ഇതിനായി സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള വച്ചുകെട്ടുകളും ഫൈബർ ബോർഡുകളും തീപിടിത്തം രൂക്ഷമാക്കി. നവീകരണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന കമ്പനിയുടെ 3 ഡയറക്ടർമാരും ഒരു എൻജിനീയറും ഉൾപ്പെടെ 6 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.


