മുന്നറിയിപ്പും നിർദ്ദേശങ്ങളും നൽകി വിമാനത്താവളം, ഇനി വരുന്ന ദിവസങ്ങളിൽ വമ്പൻ തിരക്ക്

ദുബൈ: വർഷാവസാനത്തിലെ യാത്രാ തിരക്കിന് മുന്നോടിയായി അറിയിപ്പുമായി ദുബൈ എയർപോർട്ട്‌സ്. തിരക്ക് മുന്‍കൂട്ടി കണ്ട് യാത്രക്കാര്‍ യാത്രകള്‍ നേരത്തെ ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നവംബർ 27നും ഡിസംബർ 31നും ഇടയിൽ ഒരു കോടി യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇ ദേശീയ ദിനത്തിനോട് അനുബന്ധിച്ചുള്ള നീണ്ട വാരാന്ത്യത്തോടെ തിരക്ക് ആരംഭിക്കും. ഈ സമയത്ത് പ്രതിദിന യാത്രക്കാരുടെ എണ്ണം 2,94,000 കവിയുമെന്നും ഡിസംബറിൽ ഇത് 3,00,000 കടക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. ഡിസംബർ 20 ശനിയാഴ്ച 3,03,000 ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് പ്രവചനം.

8.7 ദശലക്ഷത്തിലധികം യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഡിസംബർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി മാറും. ദേശീയ ദിന വാരാന്ത്യത്തിന് മുന്നോടിയായി താമസക്കാർ ചെറിയ അവധിയെടുക്കുമ്പോൾ പുറത്തേക്കുള്ള യാത്രകൾ വർദ്ധിക്കും. തുടർന്ന് ഡിസംബർ പകുതിയോടെ ദുബൈയിലെ ആഘോഷ ആകർഷണങ്ങൾ കാരണം ദുബൈയിലേക്കുള്ള യാത്രക്കാർ ശക്തമായി ഉയരുമെന്നും അധികൃതർ അറിയിച്ചു.

Share
error: Content is protected !!