‘എഐ’: 17 വർഷം മുൻപ് കാണാതായ യുവതി കുടുംബവുമായി വീണ്ടും ഒന്നിച്ചു

ഇസ്​ലാമാബാദ്∙ 17 വർഷങ്ങൾക്ക് മുൻപ് കാണാതായ പാക്കിസ്ഥാൻ യുവതി വീണ്ടും കുടുംബവുമായി ഒന്നിച്ച് ചേരുന്നതിന് കാരണമായത് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ. 2008ൽ ഐസ്‌ക്രീം വാങ്ങാൻ ഇറങ്ങി വഴിതെറ്റിപ്പോയതാണ് ഇസ്​ലാമാബാദ് സ്വദേശിയായ കിരൺ.

പേര് അല്ലാതെ മറ്റൊന്നും അന്ന് തനിക്ക് ഓർക്കാൻ സാധിച്ചില്ലെന്ന് ഇന്ന് 27 വയസ്സുള്ള കിരൺ പറയുന്നു.  തനിച്ചായി പോയതിനാൽ പേടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് കിരണിനെ ഒരു സ്ത്രീ ഇസ്​ലാമാബാദിലെ ഈദി സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ‘ഈദി ഫൗണ്ടേഷൻ’ എന്ന എൻജിഒ സ്ഥാപിച്ച അന്തരിച്ച അബ്ദുൾ സത്താർ ഈദിയുടെ ഭാര്യ ബിൽക്വിസ് ഈദി കിരണിനെ കറാച്ചിയിലേക്ക് കൊണ്ടുപോയി. അന്നുമുതൽ കറാച്ചിയിലെ അബ്ദുൾ സത്താർ ഈദി ഷെൽട്ടർ ഹോമിൽ ബിൽക്വിസിന്റെ സംരക്ഷണയിലാണ് കിരൺ വളർന്നത്.

ഇസ്​ലാമാബാദിലുള്ള കിരണിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പല തവണ ഈദി ഫൗണ്ടേഷൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി ഫൗണ്ടേഷന്റെ നിലവിലെ ചെയർപേഴ്സൺ ഫൈസൽ ഈദിയുടെ ഭാര്യ സബാഹ് ഫൈസൽ ഈദി വ്യക്തമാക്കി.

പക്ഷേ കിരണിന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഫൗണ്ടേഷൻ തുടർന്നു. ഈ വർഷം ആദ്യം, 2018ൽ പഞ്ചാബ് സർക്കാർ ആരംഭിച്ച സേഫ് സിറ്റി പ്രോജക്റ്റിൽ പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്പെഷലിസ്റ്റ് നബീൽ അഹമ്മദുമായി ഫൗണ്ടേഷൻ ബന്ധപ്പെട്ടു.

കിരണിന്റെ ഏറ്റവും പുതിയ ഫോട്ടോകളും കുട്ടിക്കാലത്തെയും അയൽപക്കത്തെയും കുറിച്ചുള്ള ചെറിയ വിവരങ്ങളും നബീലിന് ഫൗണ്ടേഷൻ കൈമാറി. നബീൽ കേസിൽ അതീവ താൽപര്യം കാണിക്കുകയും ഇസ്​ലാമാബാദിലെ കാണാതായ ഒരു പെൺകുട്ടിയുടെ പഴയ പൊലീസ് റിപ്പോർട്ട് കണ്ടെത്തുകയും ചെയ്തു.

എഐസാങ്കേതികവിദ്യ, ഫേഷ്യൽ റെക്കഗ്നിഷൻ, ട്രാക്കിങ് സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിച്ച് നബീലിന് കിരണിന്റെ കുടുംബത്തെ കണ്ടെത്താൻ കഴിഞ്ഞതോടെയാണ് അപൂർവ സംഗമത്തിന് വഴിതെളിഞ്ഞത്.

താമസിയാതെ, കിരണിന്റെ പിതാവായ തയ്യൽക്കാരൻ അബ്ദുൾ മജീദ് മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ കറാച്ചിയിലെത്തി. വർഷങ്ങളോളം കിരണിനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും പത്രങ്ങളിൽ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. മകളെ വീണ്ടും കാണാനുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നതായി മജീദ് വെളിപ്പെടുത്തി.

‘എന്റെ കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് പോകുന്നതിൽ എനിക്ക് ദുഃഖമുണ്ട്. ഞങ്ങളെ എല്ലാവരെയും നന്നായി പരിപാലിച്ചതിന് ബിൽക്വിസ് ആപ്പയോടും മറ്റ് കുടുംബാംഗങ്ങളോടും നന്ദിയുണ്ട്’– കിരൺ പറഞ്ഞു. ഈദി ഷെൽട്ടർ ഹോമിൽ നിന്ന് കുടുംബവുമായി വീണ്ടും ഒന്നിക്കുന്ന അഞ്ചാമത്തെ പെൺകുട്ടിയാണ് കിരൺ. 

Share
error: Content is protected !!