കനത്ത മൂടൽമഞ്ഞ്: വിമാന സർവീസുകൾ താറുമാറായി; 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദുബായ്: യുഎഇയിൽ ഇന്നു രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ  സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞതിനെത്തുടർന്ന് രാവിലെ 9 വരെ ദുബായിലേക്കു വരേണ്ടിയിരുന്ന 19 വിമാനങ്ങൾ സമീപത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.

ഫ്ലൈ ദുബായ്  ഉൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ ഒട്ടേറെ സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. ഷാർജ വിമാനത്താവളത്തിലും സമാനമായ നിയന്ത്രണങ്ങളുണ്ട്.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയക്രമം ഉറപ്പുവരുത്തണമെന്ന് ദുബായ്, ഷാർജ വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി. 

പലയിടത്തും ദൃശ്യപരിധി 500 മീറ്ററിൽ താഴെയായതിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സാഹചര്യം സാധാരണ നിലയിലാക്കാൻ എയർലൈനുകളുമായും കൺട്രോൾ അതോറിറ്റിയുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ദുബായ് എയർപോർട്ട് വക്താവ് അറിയിച്ചു.

Share
error: Content is protected !!