സൗദി കിരീടാവകാശിയുടെ യു എസ് സന്ദർശനത്തിന് തുടക്കം; വൈറ്റ് ഹൗസിൽ സൈനിക ബഹുമതികളോടെ വരവേൽപ്പ്
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ യു.എസ് സന്ദർശനത്തിന് തുടക്കം. വൈറ്റ് ഹൗസിൽ സൈനിക ബഹുമതികളോടു കൂടിയുള്ള ഔപചാരികമായ വൻ വരവേൽപാണ് നൽകിയത്.
സൗദി, അമേരിക്കൻ പതാകകൾ നിറഞ്ഞ് പറികളിക്കുന്ന വൈറ്റ് ഹൗസിെൻറ സൗത്ത് ലോണിൽ കുതിര സേനയുൾപ്പടെ എല്ലാ സൈനിക വിഭാഗങ്ങളും അണിനിരന്ന് പ്രൗഢഗംഭീരവും രാജകീയവുമായ സ്വീകരണം ഒരുക്കി. വൈറ്റ് ഹൗസിെൻറ സൗത്ത് പോർട്ടിക്കോയുടെ ഗേറ്റിന് അരികെ സൗദി പാരമ്പര്യ വേഷമണിഞ്ഞ് കറുത്ത ഗൗണിൽ വന്നിറങ്ങിയ കിരീടാവകാശിയെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഹസ്തദാനം ചെയ്ത് ഊഷ്മളമായി വരവേറ്റു. അതിന് ശേഷം വൈറ്റ് ഹൗസിന് ഉള്ളിലേക്ക് പോയ ഇരുവരും ഒട്ടും സമയം കളയാതെ നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളിലേക്ക് നീങ്ങി.
എഫ്-35 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെ പ്രതിരോധ, വ്യാപാര, ഊർജ മേഖലകളുമായി ബന്ധപ്പെട്ട വൻകിട ഇടപാടുകളുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായ ഈ ദ്വിദിന സന്ദർശനത്തെ ലോകം വളരെ പ്രാധാന്യപൂർവമാണ് ഉറ്റുനോക്കുന്നത്.


