സൗദിയിൽ പുതിയ തൊഴിൽ നിയമങ്ങൾ: പ്രസവാവധി നിഷേധിച്ചാൽ കനത്ത പിഴ

റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് സൗദി തൊഴിൽ മന്ത്രാലയം. വനിതാ ജീവനക്കാർക്കുള്ള പ്രസവാവധി  നിഷേധിക്കുന്ന സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ ഒട്ടറെ വ്യവസ്ഥകളും നിയമലംഘനങ്ങളുടെ പിഴകളും മന്ത്രാലയം പുതുക്കി. രാജ്യത്തെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം.

തൊഴിൽ നിയമ ലംഘനങ്ങളുടെ പുതുക്കിയ പട്ടികയിൽ, ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള പ്രസവാവധി നൽകുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ അത് ‘ഗുരുതരമായ’ ലംഘനമായി കണക്കാക്കും. ഈ ലംഘനം കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ചുമത്തും. എന്നാൽ, പ്രസവാവധി നിഷേധിക്കപ്പെട്ട സ്ത്രീ ജീവനക്കാരുടെ എണ്ണമനുസരിച്ച് ഈ പിഴത്തുക ഇരട്ടിയായി തൊഴിലുടമ ഒടുക്കേണ്ടിവരും.

വനിതാ ജീവനക്കാർക്ക് വേണ്ടി ശിശു സംരക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതിലും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. ഒരു സ്ഥാപനത്തിൽ അൻപതോ അതിലധികമോ സ്ത്രീ ജീവനക്കാർ ജോലി ചെയ്യുകയും, അവരുടെ 6 വയസ്സിൽ താഴെയുള്ള കുറഞ്ഞത് 10 കുട്ടികളെങ്കിലുമുണ്ടെങ്കിൽ, സ്ഥാപനത്തിൽ നഴ്സറിയോ ശിശു സംരക്ഷണ സൗകര്യങ്ങളോ ഒരുക്കി നൽകേണ്ടത് നിർബന്ധമാണ്. ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലാത്ത പക്ഷം സ്ഥാപന ഉടമയ്‌ക്കെതിരെ 3,000 റിയാൽ പിഴ ചുമത്തും.

ജീവനക്കാർക്കുള്ള യൂണിഫോം ഡ്രസ് കോഡ് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും കനത്ത പിഴ ചുമത്തും. തൊഴിലിട വസ്ത്രങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് പരമാവധി 3 ലക്ഷം റിയാൽ വരെ പിഴ ശിക്ഷയായി ലഭിക്കാം.

ജോലിസ്ഥലത്തെ മോശം പെരുമാറ്റ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ 1,000 മുതൽ 3,000 റിയാൽ വരെ പിഴ ചുമത്തും. ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിലെ പരാജയം, അല്ലെങ്കിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ അന്വേഷണങ്ങൾ നടത്തി ശുപാർശകൾ നൽകുന്നതിലെ വീഴ്ച, അനന്തര നടപടികൾ കൈക്കൊള്ളാതിരിക്കുക എന്നിവ പിഴ ചുമത്തുന്നതിനുള്ള കാരണങ്ങളാണ്.

ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ്, ഔട്ട്സോഴ്സിങ് പ്രവർത്തനങ്ങൾക്കും സൗദികളെ നിയമിക്കുന്നതിലെ ക്രമക്കേടുകൾക്കും വൻ പിഴയാണ് പുതിയ ചട്ടങ്ങൾ നിർദ്ദേശിക്കുന്നത്. മന്ത്രാലയ ലൈസൻസ് ഇല്ലാതെ റിക്രൂട്ട്‌മെന്റ് അല്ലെങ്കിൽ തൊഴിൽ സേവനങ്ങളിൽ ഏർപ്പെടുന്നതിന് 2,00,000 മുതൽ 2,50,000 റിയാൽ വരെ പിഴ ചുമത്തും. ലൈസൻസ് ലഭിക്കാതെ സൗദികളെ ജോലിക്കെടുക്കുന്നതിന് 2,00,000 റിയാൽ പിഴ ചുമത്താം. മതിയായ അനുമതിയോ ലൈസൻസോ ഇല്ലാതെ ഒരു തൊഴിലാളിയെ മറ്റൊരാളുടെ കീഴിൽ ജോലിക്ക് വിടുന്നത് 10,000 മുതൽ 20,000 റിയാൽ വരെ പിഴ ചുമത്തുന്ന ലംഘനമാണ്.

നിയമലംഘനങ്ങളുടെയും പിഴകളുടെയും ഈ പരിഷ്കരിച്ച കരട് ചട്ടങ്ങൾ പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനായി നേരത്തെ സർവേ നടത്തിയിരുന്നു. ഈ മാറ്റങ്ങൾ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.

Share
error: Content is protected !!