ബസിൽ ഉണ്ടായിരുന്നത് 28 സ്ത്രീകളും 17 പുരുഷൻമാരും; മിക്കവരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുമുള്ളവർ; നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
മദീന: സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ബസ് അപകടത്തിൽപെട്ടവർ മിക്കവരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുമുള്ളവരാണെന്നും ബസിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളും പുരുഷൻമാരുമടങ്ങുന്നവരുടെ പേര് വിവരങ്ങൾ തെലങ്കാന സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. റിയാദിലെ ഇന്ത്യൻ എംബസിയുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് തെലങ്കാന സർക്കാർ സ്ഥിരീകരിച്ചു, അതേസമയം എംബസി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കാൻ ന്യൂഡൽഹിയിലെ തെലങ്കാന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ ഉദ്യോഗസ്ഥ സംഘങ്ങളെ അയക്കുന്നതിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഹൈദരാബാദിലുള്ള ഉംറ ഏജൻസിയുടെ ഗ്രൂപ്പിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ മക്കയിലെത്തി ഉംറ നിർവഹിച്ചത്. തുടർന്ന് മദീനയിലേക്കുള്ള യാത്രയിലാണ് ഞായറാഴ്ച രാത്രി സൗദി സമയം 11 മണിയോടെ അപകടം നടന്നത്. മദീനയിൽ നിന്ന് 25 കിലോമീറ്ററോളം ദൂരയുള്ള മുഫ് രിഹത്ത് എന്ന സ്ഥലത്തു വച്ചാണ് അപകടം നടന്നത്. തീർഥാടക സംഘം സഞ്ചരിച്ച ബസും ഡീസൽ ടാങ്കറുമായി ഇടിച്ചാണ് 45 പേരും മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം കത്തി നശിച്ചതിനാൽ ഡിഎൻഎ ടെസ്റ്റുകളടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്കും അന്വേഷണങ്ങൾക്കു ശേഷമെ ഔദ്യോഗികമായി അപകടകാരണങ്ങളും വിശദവിവരങ്ങളും മറ്റും പുറത്തു വരുകയുള്ളു.
നവംബർ 9ന് ഹൈദരാബാദിൽ നിന്നും പുറപ്പെട്ടത് 54 പേരടങ്ങിയ സംഘമായിരുന്നു. അതിൽ 46 പേരാണ് ഈ ബസിൽ ഉണ്ടായിരുന്നതെന്നും തെലങ്കാന ഐടി വകുപ്പ് മന്ത്രി ഡി. ശ്രീധർബാബു അറിയിച്ചു. തെലങ്കാന സർക്കാർ പുറത്ത് വിട്ട പേരുവിവരം: ഇർഫാൻ അഹമ്മദ് (38), ഹുമെറാ നസീൻ(31), സബീഹാ സുൽത്താന(57), ഹംദാൻ(6), ഇസാൻ(7), നസീറുദ്ദീൻ ഷെയ്ഖ്(70), ഉമൈസ ഫാത്തിമ(5), മറിയം ഫാത്തിമ(6), ഷെയ്ഖ് സൈനുദ്ദീൻ(12), മെഹറിഷ് ഫാത്തിമ (10), മുഹമ്മദ് ഷഹസെയ്ൻ(2), റിദ തസീൻ(9), ഉസൈറുദ്ദീൻ ഷെയ്ഖ്(3), അക്തർ ബീഗം(61), അനീസ് ഫാത്തിമ(25), അമീനാ ബീഗം(44), സാറാ ബീഗം, സലീം ഖാൻ, ഷബാന ബീഗം(40), ഹുസൈഫാ ജാഫർ(3), റിസ്വാന ബീഗം(38), സാലാവുദ്ദീൻ ഷെയ്ഖ്(42), ഫറാനാ സുൽത്താന(37), തസ്മിയ തഹ്രീൻ(3), സന സുൽത്താന(34), അബ്ദുൽ ഖാദിർ(57), ഘൗസിയ ബീഗം(45), ഷെഹ്നാസ് ബീഗം(41), മുഹമ്മദ് അലി(54), റഹ്മത്ത്ബീ(80), റഹീം ഉന്നിസ(50), മുഹമ്മദ് ഷൊഐബ്(36), റയീസ് ബീഗം(59), ഷഹാജെഹാൻ ബീഗം(59), സാറാ മഹമൂദ്(32), മുഹമ്മദ് മൻസൂർ(50), സഹീൻ ബീഗം(18), ഫർഹീൻ ബീഗം(43), ഷൗക്കത്ത് ബീഗം(57), സാകിയ ബീഗം(47), പർവീൺ ബീഗം(35), മസ്ദാൻ മുഹമ്മദ്(55), സൊഹയിൽ മുഹമ്മദ്(23), മൂഹമ്മദ് മൗലാന (62), അബ്ദുൽ ഗനി ഷിരഹാട്ടി.
ഡ്രൈവർക്ക് സമീപം ഇരുന്നിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ഷുഐബ് മാത്രമാണ് രക്ഷപെട്ടത്. സൗദി ജർമൻ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മുഹമ്മദ് അബ്ദുൽ ഷുഐബ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ബസിൽ ഉണ്ടായിരുന്നത് 28 സ്ത്രീകളും 17 പുരുഷൻമാരുമാണ്.


