ലണ്ടനിലെ തേംസ് നദിയിൽ ഇന്ത്യക്കാരന്റെ ‘കുളി’; രൂക്ഷവിമർശനം
ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ തേംസ് നദിയുടെ തീരത്ത് ഇന്ത്യക്കാരൻ കാൽ കഴുകുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. ലണ്ടൻ ഐ, ടവർ ബ്രിജ്, പാർലമെന്റ് ഹൗസുകൾ തുടങ്ങി നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുകൂടി ഒഴുകുന്ന തേംസ് കേവലം ഒരു ജലപാത മാത്രമല്ല, ലണ്ടനിലെ പ്രധാനപ്പെട്ട ലാൻഡ്മാർക്ക് കൂടിയാണ്. വിഡിയോയിൽ കാണുന്ന യുവാവ് നദിയുടെ കരയിൽ നിന്ന് കാൽ കഴുകിയ ശേഷം പിന്നീട് ഇവിടെ കുളിച്ചതായിട്ടാണ് റിപ്പോർട്ട്.
സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതോടെ പലരും യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. മറ്റുചിലർ ഈ പ്രവൃത്തി നിയമലംഘനമാണോ എന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്.
തേംസ് നദിയുടെ സുരക്ഷയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമുള്ള ആശങ്കകൾ ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. തേംസിന്റെ പല ഭാഗങ്ങളിലും ഇ. കോളി ബാക്ടീരിയയുടെയും മലിനജലവുമായി ബന്ധപ്പെട്ട മറ്റ് മാലിന്യങ്ങളുടെയും അളവ് കൂടുതലായി കണ്ടെത്തിയെന്ന് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, ഫ്ലഷ് ചെയ്ത വെറ്റ് വൈപ്പുകളും പ്ലാസ്റ്റിക്കുകളും അടിഞ്ഞുകൂടി ഹാമർസ്മിത്ത് ബ്രിജിന് സമീപം ഉൾപ്പെടെ ‘വെറ്റ്-വൈപ്പ് ദ്വീപുകൾ’ രൂപം കൊള്ളുന്നതായും ആരോപണമുണ്ട്.
നീന്താൻ നിശ്ചയിച്ച പല സ്ഥലങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം ‘മോശമായ നിലയിൽ’ എന്നാണ് ഇംഗ്ലണ്ടിലുടനീളമുള്ള ദേശീയ വിലയിരുത്തലുകൾ. ഇതിനിടെ തേംസ് നദിയിലെ യുവാവിന്റെ പ്രവൃത്തി വൈറലായതോടെ നദിയിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പൊതുചർച്ചകൾക്ക് കാരണമായിട്ടുണ്ട്.


