മോമോ വില്‍പ്പനയിലൂടെ മാസം 30 ലക്ഷത്തിലേറെ വരുമാനം; അമ്പരന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് മോമോ. മാളുകളിലെ ഫുഡ് കോര്‍ട്ടിലും ചെറിയ റെസ്റ്ററന്റുകളിലും മുതല്‍ തെരുവിലുള്ള കിയോസ്‌കുകളില്‍ വരെ മോമോ ലഭ്യമാണ്. തെരുവിലെ മോമോ വില്‍പ്പനയിലൂടെ എത്ര രൂപ വരുമാനം നേടാന്‍ കഴിയും? ഈ ചോദ്യത്തിന് ഉത്തരമായേക്കാവുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കാസി പരെയ്‌ര എന്ന ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ പങ്കുവെച്ചത്. റോഡരികില്‍ ഒരു യുവാവ് നടത്തുന്ന മോമോ കിയോസ്‌കില്‍ ദിവസം മുഴുവന്‍ ജോലി ചെയ്തുകൊണ്ടാണ് അദ്ദേഹം വീഡിയോ സൃഷ്ടിച്ചത്. ജോലി തുടങ്ങി ആദ്യ മണിക്കൂറില്‍ 118 പ്ലേറ്റ് മോമോസാണ് വിറ്റുപോയത്. പിന്നീട് ചെറിയൊരു ഇടവേളയെടുത്ത് തിരികെ വന്നപ്പോള്‍ കിയോസ്‌കില്‍ തിരക്ക് കൂടി. മോമോ ഫ്രൈ ചെയ്യുന്നത് മുതല്‍ വെള്ളം നിറയ്ക്കുകയും സൂപ്പ് വിതരണവുമെല്ലാം ഇദ്ദേഹം ഇവിടെ ചെയ്തു.

വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് ഇവിടെ വില്‍പ്പന നടക്കുന്നത്. ദിവസം ഏകദേശം 950 പ്ലേറ്റ് മോമോയാണ് വില്‍ക്കപ്പെടുന്നത്. ഒരു പ്ലേറ്റിന് വില 110 രൂപയാണ്. അങ്ങനെ നോക്കുമ്പോള്‍ ദിവസം 104,500 രൂപയുടെ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. ഒരു മാസം ഇത് 31.35 ലക്ഷം രൂപയിലേറെ വരും.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ കാട്ടുതീ പോലെ വൈറലായി. ഇതുവരെ 1.8 കോടിയിലേറെ പേര്‍ വീഡിയോ കണ്ടു. സൈബറിടത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വീഡിയോ വഴിതുറന്നത്. ‘ഞാന്‍ ഒരു വര്‍ഷം സമ്പാദിക്കുന്നതിലുമേറെയാണ് ഇത്’ എന്നാണ് ഒരാള്‍ കമന്റിട്ടത്. അവിടെ ജോലി ഒഴിവുണ്ടോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. മോമോസ് അല്ല, മോമോ എന്നാണ് ശരിയായി പറയേണ്ടത് എന്നും ഒരാള്‍ കമന്റിട്ടു.

Share
error: Content is protected !!