മിഷാൽ ഇനി വിങ്ങുന്ന ഓർമ; വിമാനങ്ങളോട് അടങ്ങാത്ത സ്നേഹമായിരുന്നു അവന്
ദുബായ്: ആകാശത്തിലൂടെ പറന്നുയരുന്ന വിമാനങ്ങളോട് അടങ്ങാത്ത സ്നേഹമായിരുന്നു അവന്. അവയുടെ ചിത്രങ്ങൾ തന്റെ മൊബൈലിൽ ഒപ്പിയെടുക്കുക എന്നത് ആ 19 വയസ്സുകാരന്റെ വലിയ സന്തോഷമായിരുന്നു. ഒടുവിൽ, പറന്നുപോകുന്ന പ്രിയപ്പെട്ട വിമാനത്തിന്റെ ചിത്രം പകർത്താനുള്ള ശ്രമത്തിനിടെ കാൽതെറ്റി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആ ജീവിതം നിലച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയായ മിഷാൽ മുഹമ്മദ് എന്ന യുവ എൻജിനീയറിങ് വിദ്യാർഥിയുടെ ദാരുണമായ അന്ത്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും കനത്ത ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ ദിവസമാണ് ദുബായ് ദെയ്‌റ ഹൂർ അൽ അൻസിൽ ഈ ദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് ജെഡിടി എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന മിഷാൽ 15 ദിവസം മുൻപാണ് സന്ദർശനത്തിനായി ദുബായിൽ എത്തിയത്. ഹൂർ അൽ അൻസിലെ നാല് നില കെട്ടിടത്തിൽ ബന്ധുക്കളോടൊപ്പമായിരുന്നു മിഷാൽ താമസിച്ചിരുന്നത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് അടുത്തായതിനാൽ ഈ കെട്ടിടത്തിന് മുകളിലൂടെ വിമാനങ്ങൾ നിരന്തരം പറന്നുപോകുന്നു. ഈ കാഴ്ചകൾ കൂട്ടുകാരെ വിളിച്ച് ആവേശത്തോടെ അവൻ പങ്കുവെച്ചിരുന്നു. ഈ പറക്കും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതായിരുന്നു അവന്റെ പ്രധാന ഹോബി. അപകടത്തിന്റെ തലേദിവസം പോലും ഒരു ബന്ധുവായ കുട്ടിയോടൊപ്പം ടെറസിൽ കയറി വിമാനത്തിന്റെ ചിത്രം പകർത്തി നാട്ടിലെ കൂട്ടുകാർക്ക് അയച്ചുകൊടുത്തിരുന്നു.
സംഭവ ദിവസം ഉച്ചയ്ക്ക് നഗരം കണ്ട് വൈകിട്ട് മൂന്നരയോടെ ഫ്ലാറ്റിൽ മടങ്ങിയെത്തിയ മിഷാൽ ഭക്ഷണം കഴിച്ച ശേഷം വീണ്ടും തന്റെ ഇഷ്ടവിനോദത്തിനായി ടെറസിലേക്ക് പോവുകയായിരുന്നു. വിമാനത്തിന്റെ ചിത്രം എടുക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു പൈപ്പിൽ കാൽ ഉടക്കി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ മിഷാലിനെ ആംബുലൻസിൽ ദുബായ് റാഷിദ് ആശുപത്രിയിൽ എത്തിച്ചു. വീണപ്പോൾ വയറ് തറയിൽ ശക്തമായി പതിച്ചതിനാൽ ശ്വാസകോശത്തിൽ ഭക്ഷണം കയറുകയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
കോമയിലെങ്കിലും മിഷാലിനെ തിരിച്ചുകിട്ടുമെന്ന പ്രത്യാശയിലായിരുന്നു ബന്ധുക്കൾ. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് മൂന്ന് മണിക്കൂറിനകം മിഷാൽ മരണത്തിന് കീഴടങ്ങി. പ്രിയപ്പെട്ടവന്റെ വിയോഗം ബന്ധുക്കളെ കണ്ണീരിലാഴ്ത്തി. രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും മുഹൈസിന മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിൽ എംബാമിങ്ങും തുടർന്ന് പ്രാർഥനയും നടത്തി.
പഠനത്തോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം സ്വന്തമായി ഒരു കഫേയും മിഷാൽ നടത്തിയിരുന്നു. വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകനാണ് മിഷാൽ. രണ്ട് സഹോദരിമാരുണ്ട്. ഏറെ ഇഷ്ടപ്പെട്ട വിമാനത്തിൽ തന്നെ, ചേതനയറ്റ ആ ശരീരം ഇന്ന് പുലർച്ചെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. അവന്റെ പ്രിയപ്പെട്ട ആകാശക്കാഴ്ചകൾ ഇനിയൊരിക്കലും ആ മൊബൈലിൽ പതിയില്ല എന്ന സത്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.


