വന്ദേമാതരം ആലപിച്ചില്ലെങ്കിൽ പാകിസ്താനിലേക്ക് പോകാൻ ബിജെപി എംഎൽഎ; ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ലെന്ന് സമാജ്‌വാദി പാർട്ടി എംഎൽഎ
മുംബൈ: വന്ദേമാതരം ആലാപന വിവാദത്തിനിടെ ഭീഷണിയുമായി ബിജെപി എംഎൽഎ. വന്ദേമാതരം ആലപിക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി എംഎൽഎ രാജ് കെ പുരോഹിത് പറഞ്ഞു.
വന്ദേമാതരം ആലപിക്കാനാവില്ലെന്നും അതിനുള്ള ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് എംഎൽഎയുടെ ഭീഷണി.
‘വന്ദേമാതരം ആലപിക്കണം, രാജ്യത്തെ ബഹുമാനിക്കണം. നിങ്ങൾക്ക് രാജ്യത്തോട് സ്നേഹമില്ലെങ്കിൽ പാകിസ്താനിലേക്ക് പോകൂ. നിങ്ങൾ ഈ രാജ്യത്താണ് താമസിക്കുന്നത്, ഇവിടെ ഒരു എംഎൽഎയാണ്’- പുരോഹിത് ആസ്മിയോട് പറഞ്ഞു. എന്നാൽ ഇതിന് മറുപടിയുമായി അബു ആസ്മി രംഗത്തെത്തി. രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്നും രാജ്യം അവരുടേതെന്നതുപോലെ തന്റെയും കൂടിയാണെന്നും ആസ്മി തുറന്നടിച്ചു.
‘എന്റെ പൂർവികർ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരാണ്. ഭരണത്തിന് പകരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി സർക്കാർ രാജ്യത്തെ നശിപ്പിച്ചു. വന്ദേമാതരവും ദേശസ്‌നേഹവും രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണ്. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. തന്നെ ലക്ഷ്യം വയ്ക്കാനുള്ള ആയുധമായി ദേശഭക്തിഗാനത്തെ ഉപയോഗിക്കുകയാണ്’- ആസ്മി പറഞ്ഞു.


