ആര്‍എസ്എസ് പ്രവര്ത്തകൻ സഞ്ജിത്ത് വധക്കേസിൽ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി, വിചാരണ തുടരാൻ നിര്‍ദേശം
ദില്ലി:പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവർത്തകരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി സുപ്രീംകോടതി. അതേസമയം കേസുമായി ബന്ധപ്പെട്ട് വിചാരണനടപടികൾ തുടരാമെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസിലെ സാക്ഷി വിസ്താരം അടക്കം തുടങ്ങിയ സാഹചര്യം സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് കോടതിയുടെ നിര്‍ണായക തീരുമാനം. വാദത്തിനിടെ ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായിട്ടാണ് പ്രതികൾ സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നും സാക്ഷിയായ ഭാര്യ പ്രതിയെ ചൂണ്ടിക്കാട്ടിയാൽ അതിനപ്പുറം പിന്നെ എന്താണ് ഉള്ളതെന്ന നിര്‍ണായക നീരീക്ഷണവും സുപ്രീംകോടതിയിൽ നിന്നുണ്ടായി.
കേസിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കാട്ടി സഞ്ജിത്തിന്റെഅമ്മ സുപ്രീംകോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്നും അതിക്രൂരമായ ആണ് മകനെ പ്രതികൾ കൊലപ്പെടുത്തിയതെന്നുമാണ് അമ്മ നൽകിയ ഹര്‍ജിയിൽ പറയുന്നത്. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പിവി ദിനേശ്, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകൻ പി വിഷ്ണു എന്നിവരും ഹാജരായി.
…


