ആഗോള നേതാവാകുക ലക്ഷ്യം; ലോകത്തിന്റെ നെറുകിൽ ‘യുഎഇയുടെ എഐ’

അബുദാബി/ ദുബായ്∙ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) യുഎഇയുടെ മുന്നേറ്റം ലോകത്തിന്റെ നെറുകിൽ. തൊഴിൽ ഇടങ്ങളിൽ എഐ സ്വീകരിക്കുന്നതിൽ ആഗോള റാങ്കിങിൽ ഒന്നാം സ്ഥാനത്താണ് യുഎഇ എന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ട് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വിപുലമായ ഡിജിറ്റൽ സമ്പദ് വ്യവസ്ഥകളെ യുഎഇ മറികടന്നതായി മൈക്രോസോഫ്റ്റിന്റെ എഐ ഫോർ ഗുഡ് ലാബ് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എഐ ഉപയോഗപ്പെടുത്തുന്ന മുപ്പതിലേറെ രാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് യുഎഇയിൽ ജോലി ചെയ്യുന്ന 59.4 ശതമാനം പേരും മൈക്രോസോഫ്റ്റ് കോപൈലറ്റ്, ചാറ്റ്ജിപിടി, മിഡ്ജേർണി തുടങ്ങിയ എഐ സോഫ്റ്റ് വെയറുകൾ ദിവസേന ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. 58.6 ശതമാനവുമായി സിംഗപ്പൂർ ആണ് രണ്ടാം സ്ഥാനത്ത്. നോർവേയും അയർലൻഡും മൂന്നാം സ്ഥാനം പങ്കിട്ടു.

ഖത്തർ (35.7%), സൗദി അറേബ്യ (23.7%), കുവൈത്ത് (17.7%) ഈജിപ്ത് (12.5%) എന്നിങ്ങനെയാണ് മേഖലയിലെ മറ്റു രാജ്യങ്ങളിലെ എഐ സ്വാധീനം. ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വീകാര്യതയിലും യുഎഇ മുന്നിലാണ്.97% യുഎഇ നിവാസികളും നിർമിത ബുദ്ധി സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇഷ്ടപ്പെടുന്നവരാണ്. നിക്ഷേപവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാൻ ഒരു ലക്ഷം പേർക്ക് നിർമിത ബുദ്ധി പരിശീലനം നൽകാൻ യുഎഇയും മൈക്രോസോഫ്റ്റും നേരത്തെ ധാരണയിൽ എത്തിയിരുന്നു.

ഏറ്റവും പുതിയ നിർമിത ബുദ്ധി സംവിധാനം കണ്ടെത്തുന്നതിലും സമസ്ത മേഖലകളിലും അതു ഉപയോഗപ്പെടുത്തുന്നതിലും ലോകത്തിന്റെ നേതാവാകുകയാണ് യുഎഇ എന്ന് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ യുഗത്തിൽ സർക്കാർ സേവനങ്ങൾ, ധനകാര്യം, ഊർജം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, നിരീക്ഷണം, പരിശോധന, തുടങ്ങി ഒട്ടുമിക്ക മേഖലകളിലും നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ലോകോത്തര സംവിധാനത്തിലൂടെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം.

ലോകത്ത് ആദ്യമായി എഐ മന്ത്രാലയം സ്ഥാപിച്ച് മന്ത്രിയെ നിയമിച്ചത് യുഎഇയാണ്. ലോകത്തിലെ ആദ്യത്തെ എഐ സർവകലാശാലയായ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളിലൂടെ എഐ വിദഗ്ധരെ വാർത്തെടുത്ത് ലോകത്തിനു സമർപ്പിക്കുന്നു. വളർന്നുവരുന്ന സാങ്കേതിക മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും പിന്തുണ നൽകാനും ഇതിലൂടെ സാധിക്കുന്നു. യുഎഇ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്2031നയമനുസരിച്ചാണ് നൂതന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തുവരുന്നത്.

എഐ ഫോർ ഗുഡ് ലാബ് എന്ന പേരിൽ മൈക്രോസോഫ്റ്റിന്റെ മധ്യപൂർവദേശത്തെ ആദ്യത്തെ എഐ ശാഖ അബുദാബിയിലാണ് തുടങ്ങുന്നത്. പൊതുജനാരോഗ്യം, ദുരന്ത പ്രതികരണം, സുസ്ഥിരത, തുടങ്ങിയ വിഷയങ്ങളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ പങ്കാളികളുമായി ലാബ് സഹകരിക്കും. എമിറേറ്റ്സിലുടനീളം ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യവികസനം ഊർജിതമാക്കുന്നതിന് യുഎഇ സർക്കാരുമായും അബുദാബി ആസ്ഥാനമായുള്ള ജി42 കമ്പനിയുമായും മൈക്രോസോഫ്റ്റ് സഹകരിച്ചുവരുന്നു.

Share
error: Content is protected !!