കാറുമായി 16കാരന്റെ പരാക്രമം; ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചു, വയോധികയ്ക്ക് പരുക്ക്, അച്ഛന്റെ പേരിൽ കേസ്
കൊച്ചി: പതിനാറുകാരന് കാറുമായി റോഡിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പേരിലുള്ളതാണ് വാഹനമെന്നും പോലീസ് പറഞ്ഞു. അതേസമയം, തന്റെ അറിവോടയല്ല മകന് വാഹനം കൊണ്ടുപോയതെന്നാണ് രക്ഷിതാവിന്റെ മൊഴി.
എറണാകുളം ഞാറയ്ക്കലിലാണ് കാറുമായി റോഡിലിറങ്ങിയ 16-കാരന് മരണപ്പാച്ചില്‍ നടത്തിയത്. കാര്‍ ഒട്ടേറെവാഹനങ്ങളില് ഇടിച്ചു. അലക്ഷ്യമായി ഓടിച്ച കാറിടിച്ച് പ്രായമായ സ്ത്രീയ്ക്കും പരിക്കേറ്റു.
16-കാരനായ സ്കൂള്‍ വിദ്യാര്‍ഥിയാണ് കാറുമായി റോഡിലിറങ്ങി അപകടങ്ങളുണ്ടാക്കിയത്. ഞാറയ്ക്കല്‍, ചെറായി, എടവനക്കാട് മേഖലകളിലെ ഒട്ടേറെ സ്ഥലങ്ങളില്‍ 16-കാരന് അപകടമുണ്ടാക്കി. ഇതില്‍ ചില അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍, സിസിടിവിയില്ലാത്ത ഒട്ടേറെസ്ഥലങ്ങളിലും 16-കാരന് ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
നിയമംലംഘിച്ച് കാറുമായി റോഡിലിറങ്ങിയ 16-കാരന് അമിതവേഗത്തിലും അലക്ഷ്യമായുമാണ് വാഹനമോടിച്ചിരുന്നത്. ഒട്ടേറെ വാഹനങ്ങളിലും മതിലുകളിലും കാറിടിച്ചു. 16-കാരനെ തടയാന്‍ശ്രമിച്ച ബൈക്ക് യാത്രികനും മറിഞ്ഞുവീണു. ഇതിനിടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെയും ഇടിച്ചുതെറിപ്പിച്ചത്. ഇവര്‍ ചികിത്സയിലാണ്.


