മറ്റൊരു സ്ത്രീക്കൊപ്പം നാടുവിട്ടുപോയി; ഹമീദിനെ തിരികെകൊണ്ടുവന്നത് മക്കള്‍; വീടിന് തീയിടും മുന്‍പ് ആധാരങ്ങള്‍ ഭദ്രമാക്കി
ഇടുക്കി: നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയായിരുന്നു ചീനിക്കുഴിയിലെ കൂട്ടക്കൊല. ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദ് (82) ആണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊലപ്പെടുത്തിയത്. കൃത്യം നടപ്പാക്കാന്‍ ഹമീദ് നടത്തിയ ആസൂത്രണവും ഒരുകാരണവശാലും മകനും കുടുംബവും രക്ഷപ്പെടാതിരിക്കാന്‍ ഇയാള്‍ നടത്തിയ തയ്യാറെടുപ്പുകളും നാട്ടുകാരെ ഞെട്ടിച്ചു.
.
2022 മാര്‍ച്ച് 19-ന് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആ നടുക്കുന്ന സംഭവം. ഹമീദിന്റെ മകന് മുഹമ്മദ് ഫൈസല്‍ (ഷിബു-45), ഭാര്യ ഷീബ (40), പെണ്മക്കളായ മെഹ്റിന് (16), അസ്ന (13) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മക്കള്‍ക്ക് ഇഷ്ടദാനം നല്കിയ വീട് തിരികെവേണമെന്ന് ഹമീദ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വഴക്കും പകയുമാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചത്.
.
ചീനിക്കുഴിയിലെ ക്രൂരത…
പ്രതിയും കൊല്ലപ്പെട്ടയാളുകളും ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നതെങ്കിലും ഹമീദും ഫൈസലും തമ്മിലുണ്ടായിരുന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തിവിരോധമാണ് നാല് പേരുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം നാടുവിട്ടു പോയ പ്രതിയെ ഫൈസലിന്റെ ജ്യേഷ്ഠസഹോദരന് ഷാജി അന്വേഷിച്ച് കണ്ടെത്തി തിരികെ കൊണ്ട് വരികയും, തുടര്‍ന്ന് പ്രതി ഇളയ മകനായ ഫൈസലിനോടും കുടുംബത്തോടും ഒപ്പം താമസമാക്കുകയുമായിരുന്നു. നാടുവിട്ടു പോയ സമയം രണ്ട് മക്കള്‍ക്കുമായി പ്രതി എഴുതി നല്‍കിയിരുന്ന വസ്തുക്കള്‍ തിരികെ നല്‍കണമെന്ന പ്രതിയുടെ ആവശ്യം മക്കള്‍ നിരാകരിച്ചതാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചത്.
.
ചീനീക്കുഴി ടൗണില്‍ വ്യാപാരസ്ഥാപനം നടത്തിവന്നിരുന്ന മുഹമ്മദ് ഫൈസലിനോടൊപ്പം കടയില്‍നിന്നും 50 മീറ്റര്‍ മാത്രം അകലെയായുള്ള വീട്ടിലാണ് ഹമീദും താമസിച്ചിരുന്നത്. ഇതിനിടെ സ്വത്തുക്കള്‍ തിരികെ ലഭിക്കാനായി ഹമീദ് മകനെതിരേ കേസ് നല്‍കിയിരുന്നു. എന്നാല്‍, വിധി ഹമീദിന് അനുകൂലമായിരുന്നില്ല. ഇതോടെ മകനോടും കുടുംബത്തോടുമുള്ള പക വര്‍ധിച്ചു. സ്വത്ത് തിരികെ നല്‍കിയില്ലെങ്കില്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലുമെന്നും ഫൈസലിനെയും കുടുംബത്തെയും ഹമീദ് ഭീഷണിപ്പെടുത്തി. ഇതോടെ ഫൈസല്‍ പിതാവിനെതിരേ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഹമീദിന്റെ ഭീഷണി ഭയന്ന് ഫൈസലും ഭാര്യയും രണ്ടുപെണ്‍കുട്ടികളും ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. മകന് വാങ്ങിക്കൊണ്ടുവച്ചിരുന്ന പെട്രോളാണ് ഹമീദ് കൃത്യം നടത്താന്‍ ഉപയോഗിച്ചത്. 12 കുപ്പികളിലായി പെട്രോള്‍ നിറച്ചു. തീപിടിപ്പിക്കാന്‍ കുപ്പികളുടെ വായ്ഭാഗത്ത് കോട്ടണ്വേസ്റ്റ് തിരുകി. തുടര്‍ന്ന് ഈ കുപ്പികള്‍ ഒളിപ്പിച്ചുവെച്ചു. സംഭവദിവസം ഫൈസലും കുടുംബവും ഉറങ്ങിയിരുന്ന മുറിയുടെ വാതില്‍ ഹമീദ് പുറത്തുനിന്ന് പൂട്ടിയിട്ടു. തീയണയ്ക്കാന്‍ വെള്ളം കിട്ടാതിരിക്കാന്‍ പൈപ്പുകള്‍ തുറന്നിട്ട് വാട്ടര്‍ ടാങ്ക് കാലിയാക്കി. വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ കണക്ഷന് വിച്ഛേദിച്ചു. മറ്റുപൈപ്പുകളുടെ കണക്ഷനുകളും വിച്ഛേദിച്ച് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു. തുടര്‍ന്നാണ് പെട്രോള്‍നിറച്ച കുപ്പികള്‍ തിരി കത്തിച്ച് ജനലിലൂടെ മകന്റെ മുറിയിലേക്ക് എറിഞ്ഞത്.
.
തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് നാല് പേര്‍ക്കും മുറിയില്‍നിന്നും രക്ഷപ്പെടാനായില്ല. ഇതിനിടെ കുട്ടികളിലൊരാള്‍ അയല്‍ക്കാരനായ രാഹുലിനെ ഫോണില്‍വിളിച്ച് സഹായം തേടി. അതിവേഗം ഓടിയെത്തിയ രാഹുല്‍ കണ്ടത് വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് പുക ഉയരുന്നതാണ്. ഉടന്‍തന്നെ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് രാഹുല്‍ അകത്തുകയറി. ഈ സമയത്താണ് ഹാളിനുള്ളില്‍ പെട്രോള്‍ കുപ്പികളുമായി നില്ക്കുന്ന ഹമീദിനെ കണ്ടത്. ഇയാളെ തള്ളിമാറ്റി കുടുംബം അകപ്പെട്ട മുറിയുടെ വാതില്‍ തുറക്കാന്ശ്രമിച്ചപ്പോള് ഹമീദ് നാല് പെട്രോള്‍ കുപ്പികള്‍ കൂടി മുറിയിലേക്കെറിഞ്ഞു. ഇതോടെ തീ കൂടുതല്‍ ആളിപ്പടര്‍ന്നു. രക്ഷാപ്രവര്‍ത്തനം അസാധ്യമായി. ഇതിനിടെ, ജീവന്‍രക്ഷിക്കാനായി നാലുപേരും കിടപ്പുമുറിയിലെ കുളിമുറിയിലേക്ക് കയറിയിരുന്നു. പക്ഷേ, നാലുപേരെയും തീവിഴുങ്ങി.
സംഭവത്തിന് പിന്നാലെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട ഹമീദ് ഒരു ബന്ധുവിന്റെ വീട്ടിലെത്തി താന്‍ വീടിന് തീയിട്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടെനിന്നും ഇയാള്‍ കടന്നുകളഞ്ഞു. പിന്നാലെ ഒരു ഓട്ടോ വിളിച്ചുവരുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ പിടിയിലായത്.
.
തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ഇടുക്കി നാര്‍ക്കോട്ടിക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയിരുന്ന എ.ജി.ലാലിന്റെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുമേഷ് സുധാകരന്, സബ് ഇന്‍സ്പെക്ടര്‍മാരായ ഹാഷിം, ദിനേശ്, മുഹമ്മദ് അനസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയ്മോന്, ബൈജു എന്നിവര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് സംഭവം നടന്ന് 80-ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. 900-ഓളം പേജുകള്‍ അടങ്ങിയ കുറ്റപത്രത്തോടൊപ്പം 116-സാക്ഷികളുടെ പട്ടികയും, 62-തൊണ്ടി മുതലുകളും, 92-തെളിവ് രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സമയബന്ധിതമായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതിനാല്‍ പ്രതിയ്ക്ക് ഇതുവരെയും കോടതി ജാമ്യവും അനുവദിച്ചിരുന്നില്ല. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കെത്തന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയതും സഹായകരമായി. പ്രോസിക്യൂഷനു വേണ്ടി സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എം.സുനില്‍കുമാറാണ് കോടതിയില്‍ ഹാജരായത്. 71-സാക്ഷികളെ വാദി ഭാഗത്തിന് വേണ്ടി വിസ്തരിക്കുകയും, 62-തൊണ്ടി മുതലുകളും, 94-രേഖകളും കോടതിയില്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു.
.
അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ജയ്മോന്, അസി സബ് ഇന്‍സ്പെക്ടര്‍ അന്നമ്മ, ജോബിന് ജോസഫ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കോടതിയിലെ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചത്. സംഭവത്തിന്റെ ദൃക്സാക്ഷികളുടെ സാക്ഷിമൊഴികളും, ശാസ്ത്രീയ തെളിവുകളും, സാഹചര്യ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായിരുന്നു. സംഭവത്തിന് ശേഷം കുറ്റകൃത്യം ചെയ്ത കാര്യം പ്രതി അയാളുടെ ജ്യേഷ്ഠനെയും, മറ്റൊരു ബന്ധുവിനെയും ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പ്രതിയുടെയും ഇവരുടെയും ശബ്ദസാംപിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് തെളിവുകള്‍ ശേഖരിക്കുകയും, കൂടാതെ സംഭവം നടന്ന മുറിയിലും പ്രതിയുടെ വസ്ത്രങ്ങളിലും ഉണ്ടായിരുന്ന പെട്രോളിന്റെ സാന്നിധ്യവും സംഭവത്തിനിടെ പ്രതിയുടെ ശരീരത്തില്‍ ഉണ്ടായ പൊള്ളലും നിര്‍ണ്ണായക തെളിവുകളായി. സംഭവത്തിനിടെ നാശനഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രതി അയാളുടെ ആധാരം ഉള്‍പ്പടെയുള്ള രേഖകളും,പണവും മുമ്പേ തന്നെ ബന്ധുവിന്റെ വീട്ടിലേയ്ക്ക് മാറ്റി സൂക്ഷിച്ചുവെച്ച് മുന്നൊരുക്കം നടത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു.
.
സംഭവം നടന്ന വീടിന് അധികം അകലെയല്ലാതെ പുതുതായി ഒരു വീട് പണിത ഫൈസലും കുടുംബവും അവിടേയ്ക്ക് താമസം മാറുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരവേയാണ് ഹമീദിന്റെ കൊടുംക്രൂരത അരങ്ങേറിയത്. പ്രതിയുടെ ബന്ധുവായ ഒരാള്‍ വിസ്താരവേളയില്‍ കൂറുമാറിയിരുന്നുവെങ്കിലും മറ്റെല്ലാ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായിരുന്നു. പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് സെബാസ്റ്റ്യനാണ് ഹാജരായത്.


